കുരുക്ഷേത്ര ഭൂമിയിൽ ശരശയ്യയിലാകുമോ ബിജെപി; ഹരിയാനയിൽ ‘ഇന്ത്യ’ ചിരിക്കുമ്പോൾ
പത്തു വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന തരത്തിലുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ പുറത്തുവന്നത്. എക്സിറ്റ് പോളുകൾ പലപ്പോഴും ഒരു പാർട്ടിക്കു മാത്രം ഭൂരിപക്ഷം പ്രവചിക്കാറില്ല. എന്നാൽ ഹരിയാനയിൽ ഇത്തവണ പുറത്തുവന്ന ആറ് എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ്. അതു ശരിയായാൽ ഹിന്ദി ഹൃദയഭൂമിയിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമ്പോൾ ബിജെപിക്ക് എവിടെയാണ് അടിപതറിയത്?
∙ കർഷകരോഷം
വടക്ക് അംബാലയും കുരുക്ഷത്രയും, തെക്ക് ഫരീദാബാദും ഗുരുഗ്രാമും, പടിഞ്ഞാറ് സിർസ, കിഴക്ക് സോനിപ്പത്തും പാനിപ്പത്തും എന്നിങ്ങനെയാണ് ഹരിയാനയുെട അതിർത്തികൾ. പുരാണങ്ങളിലെ മഹാഭാരത യുദ്ധം, 18–ാം നൂറ്റാണ്ടിലെ പാനിപ്പത്ത് യുദ്ധം, ഏറ്റവും ഒടുവിൽ നടന്ന കർഷക സമരം. യുദ്ധങ്ങളും പ്രക്ഷോഭങ്ങളും ഏറെക്കണ്ട മണ്ണാണ് ഹരിയാനയുടേത്.ഗോതമ്പു പാടങ്ങളിലും കരിമ്പിൻ തോട്ടങ്ങളിലും കർഷക സമര കാലത്ത് ഉയർന്ന പ്രതിഷേധം ഇത്തവണ ബിജെപിക്കെതിരായേക്കാം എന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. കർഷകർക്കിടയിൽ മനോഹർ ലാൽ ഖട്ടറിനെതിരെ ഉയർന്ന പ്രതിഷേധത്തിന്റെ ബാക്കി പത്രമായിരിക്കും ഇക്കുറി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് മുൻപു തന്നെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഖട്ടറിനെ മാറ്റി നായിബ് സെയ്നിയെ മുഖ്യമന്ത്രിയാക്കിയത് ഫലപ്രദമായില്ലെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നതെങ്കിലും തിരഞ്ഞെടുപ്പുഫലം വന്നാലേ അതു വ്യക്തമാകൂ.
ഗുസ്തിതാരങ്ങളുടെ കണ്ണുനീർ
ഗോദകളുടെയും ഗുസ്തിതാരങ്ങളുടെയും നാടാണ് ഹരിയാന. ഗുസ്തി മറന്നുകൊണ്ടൊരു ജീവിതമില്ല അവർക്ക്. അവിടെയാണ് ബിജെപിക്ക് മറ്റൊരു തിരിച്ചടി നേരിട്ടത്. ഗുസ്തി താരങ്ങളുടെ സമരത്തോട് കേന്ദ്രസർക്കാരിന്റെ നിലപാട് ഹരിയാനയിൽ വലിയ ചർച്ചയായിരുന്നു. പ്രതിഷേധക്കാരെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് നീക്കിയത് ദേശീയ തലത്തിൽത്തന്നെ വാർത്തയായി. പാരിസ് ഒളിംപിക്സിൽ വിനേഷ് ഫോഗട്ടിന്റെ കണ്ണീരു വീണതും അതിനോട് കേന്ദ്രസർക്കാർ കാണിച്ച അലംഭാവം നിറഞ്ഞ സമീപനവും വിമർശനങ്ങളുയർത്തിയിരുന്നു. വിനേഷിനെ ജുലാനയിൽ സ്ഥാനാർഥിയാക്കി കോൺഗ്രസ് നടത്തിയ നീക്കം വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
ജാട്ടുകളെ മുന്നിൽ നിർത്തിയ ‘ഹൂഡ മാജിക്ക്’
ജാട്ടുകളുടെ വോട്ട് ഇത്തവണ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് പുറത്തുവരുന്ന സൂചന. ഹരിയാനയിലെ ജനസംഖ്യയുടെ 26-28 ശതമാനമാണ് ജാട്ടുകൾ. സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി, ജാട്ട് വോട്ട് എവിടേക്കെന്ന ചോദ്യം വീണ്ടും ഉയർന്നിരുന്നു. പരമ്പരാഗത ജാട്ട് പാർട്ടികളായ, ദുഷ്യന്ത് സിങ് ചൗട്ടാലയുടെ ജെജെപിയും ഐഎൻഎൽഡിയും പ്രധാന മുന്നണികളുമായി സഖ്യത്തിലായിരുന്നില്ല.അതേസമയം കോൺഗ്രസിന്റെ ജാട്ട് മുഖമായ ഭൂപീന്ദർ സിങ് ഹൂഡയെ സംസ്ഥാനത്തെ ജാട്ടുകൾ പിന്തുണയ്ക്കുന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.
അതേസമയം, പാർട്ടിയിലെ ദലിത് മുഖമായ കുമാരി സെൽജയെ മുന്നിൽ നിർത്തി ഹൂഡ വിരുദ്ധ പക്ഷവും കോൺഗ്രസിൽ ചരടുവലികൾ ശക്തമാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ ഭൂരിപക്ഷം 50 സീറ്റിൽ താഴെയാണെങ്കിൽ, മുഖ്യമന്ത്രിയാരെന്നതിന് ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കേണ്ടി വരും.എന്തായാലും ഒക്ടോബർ എട്ടിനു വരുന്ന തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിലെ അടുത്ത അഞ്ചു വർഷത്തെ മാറ്റത്തിന്റെ ചൂണ്ടുപലകയാകുമെന്ന് ഉറപ്പാണ്.