മൂന്നാംമുറ: അന്ന് അന്വേഷിച്ച് നടപടിയെടുത്തിരുന്നുവെന്ന് ഡിഐജി

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല ശിക്ഷാനടപടി സ്വീകരിച്ചിരുന്നുവെന്ന് റേഞ്ച് ഡിഐജി എസ് ഹരിശങ്കര്‍. ആക്ഷേപം ഉയര്‍ന്നപ്പോള്‍ അന്ന് അന്വേഷിച്ചിരുന്നു. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ ശിക്ഷ നല്‍കിയതായാണ് രേഖകളില്‍ കാണുന്നതെന്ന് ഡിഐജി ഹരിശങ്കര്‍ പറഞ്ഞു.
പരാതിക്കാരന്‍ നേരിട്ട് കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഒരാളെയും മര്‍ദ്ദിക്കാന്‍ പാടില്ല എന്നതു തന്നെയാണ് പൊലീസിന്റെ നയം. അക്കാര്യം പരമാവധി താഴേത്തട്ടിലേക്ക് അറിയിക്കുന്നുമുണ്ട്. 62,000 പേര്‍ ജോലി ചെയ്യുന്ന സേനയാണ് പൊലീസ്. അതില്‍ കേവലം രണ്ടോ മൂന്നോ പേര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ദൃശ്യങ്ങളിലുള്ളത്. അതുവെച്ച് പൊതുവല്‍ക്കരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ഡിഐജി ഹരിശങ്കര്‍ അഭ്യര്‍ത്ഥിച്ചു.
സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ കാട്ടാളന്മാരാണെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ നഷ്ടപ്പെട്ട കേള്‍വി ശക്തി തിരിച്ചുകൊടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?. കൊലപാതകക്കേസിലെ പ്രതിയോട് പെരുമാറുന്നതിനേക്കാള്‍ ക്രൂരമായിട്ടാണ് പൊലീസുകാര്‍ പെരുമാറിയത്. ഇത്തരത്തില്‍ മര്‍ദ്ദിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത്. പൊലീസുകാരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.