കുന്നംകുളം കസ്റ്റഡി മർദനം; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത്‌കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ നടപടി. നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സിപിഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ. ജെ സജീവൻ, എസ് ഐ നുഹ്‌മാൻ എന്നിവർക്കെതിരെയാണ് നടപടി. ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടിന് പിന്നാലെ ഉത്തരമേഖല ഐജിയുടേതാണ് നടപടി.
2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.