മഹാകുംഭമേള ദുരന്തം :”ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് കാരണം” :യോഗി

ന്യുഡൽഹി : മഹാകുംഭമേളയിലെ ദുരന്തത്തിന് കാരണം ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തു.
അതേ സമയം കുംഭമേളയിലെ ദുരന്തത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണക്കാരായ തീർത്ഥാടകർ സർക്കാരിൻ്റെ വീഴ്ചക്ക് ഇരയായി എന്നും ഇനിയെങ്കിലും ക്രമീകരണങ്ങൾ നേരാംവണ്ണം സജ്ജമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അപകട മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.