ഉരുളെടുത്തവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രിയങ്കയും രാഹുലും; പുത്തുമലയിൽ സന്ദർശനം നടത്തി

0

 

കൽപറ്റ ∙  ഉരുൾപൊട്ടൽ ദുരന്തത്തിൽ മറഞ്ഞുപോയവരെ സംസ്കരിച്ച പുത്തുമല സന്ദർ‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. കൽപറ്റയിൽ കലക്ടറേറ്റിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷമാണ് പ്രിയങ്ക പുത്തുമലയിലെ പൊതുശ്മശാനത്തിലെത്തിയത്. ദുരന്തത്തിൽ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ശവകുടീരത്തിൽ പൂക്കൾ അർപ്പിച്ചു പ്രാർഥിച്ച ശേഷമാണ് രാഹുലും പ്രിയങ്കയും മടങ്ങിയത്.

ദുരന്തത്തിൽ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും കണക്കുകൾ അടക്കമുള്ള വിവരങ്ങൾ ടി. സിദ്ദീഖ് എംഎൽ‌എ പ്രിയങ്കയെ ധരിപ്പിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയും സോണിയ ഗാന്ധിയും നാമനിർദേശപത്രിക സമർപ്പണത്തിനു ശേഷം മടങ്ങിയിരുന്നു. ഇവരെ യാത്രയാക്കിയ ശേഷമാണ് പ്രിയങ്കയും രാഹുലും പുത്തുമലയിൽ എത്തിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് പ്രിയങ്ക വയനാട്ടിൽ എത്തുന്നത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായപ്പോളാണ് ഇതിനു മുൻപ് എത്തിയത്.പുത്തുമലയിലേക്ക് പോകുന്ന വിവരം അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമാണ് ഉരുൾപൊട്ടൽ. ദുരന്തബാധിതർക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. നാമനിർദേശപത്രിക സമർപ്പിച്ചശേഷം നേരെ പുത്തുമലയിലേക്ക് പ്രിയങ്ക പോയത് വലിയ രാഷ്ട്രീയ സന്ദേശം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ തന്നെ വലിയ ദുരന്തങ്ങളിലൊന്നായ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ തലത്തിൽ ചർച്ചയാക്കി നിർത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദർശനമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *