കോട്ടയത്ത് ബാറിലിരുന്ന് പുകവലിക്കരുതെന്നു പറഞ്ഞ ബാർ ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്നു. പ്രതികൾ അറസ്റ്റിൽ.
കോട്ടയം : ബാർ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ പുളിനാക്കൽ ഭാഗത്ത് നടുത്തര വീട്ടിൽ മത്തി ശ്യാം എന്ന് വിളിക്കുന്ന ശ്യാം രാജ് (28), വേളൂർ പുളിക്കമറ്റം ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന ആദർശ് (24), വേളൂർ പതിനാറിൽചിറ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ ഏബല്‍ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ബാറിലെ ജീവനക്കാരനായ പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം ഭാഗത്ത് പൊട്ടൻമല ലക്ഷംവീട്ടിൽ സുരേഷ് എം (50) എന്നയാളെ കരിങ്കല്ലിന്റെ കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുപതാം തീയതി വൈകിട്ടോടുകൂടി കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ജോയ്സ് ബാറിൽ ശ്യാം രാജും, ആദർഷും ഇരുന്ന മദ്യപിക്കുകയും തുടർന്ന് പുകവലിക്കുന്നത് കണ്ട് ഇവിടിരുന്ന് വലിക്കരുതെന്നു പറഞ്ഞ ബാർ ജീവനക്കാരായ സുരേഷും മറ്റും ഇങ്ങനെ പറഞ്ഞതിലുള്ള വിരോധം മൂലം യുവാക്കള്‍ ഇവരുടെ സുഹൃത്തുക്കൾ ആയ ഏബലിനെയും, ജെബിനെയും വിളിച്ചു വരുത്തുകയും, തുടർന്ന് രാത്രി 10.45 മണിയോടുകൂടി ബാറിന്റെ മുൻവശം വെച്ച് ഇവർ സംഘം ചേർന്ന് ബാർ ജീവനക്കാരനായ സുരേഷിനെയും മറ്റും ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കരിങ്കല്ല് കഷ്ണം ഉപയോഗിച്ച് സുരേഷിനെ എറിയുകയുമായിരുന്നു.
തുടർന്ന് തലയ്ക്ക് പിറകിൽ മാരകമായി പരിക്ക് പറ്റിയ ഇയാളെ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും, വെളുപ്പിന് നാലുമണിയോടുകൂടി മരണപ്പെടുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് ചെയ്യുകയും ഇവരെ നാലു പേരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ റിൻസ് എം തോമസ്, രാജേഷ് കെ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഓ മാരായ വിജേഷ് കുമാർ, സിനൂപ്, രാജീവ് കുമാർ കെ.എൻ, അനീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.