ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു ജില്ലാ കമ്മിറ്റി. എസ്എഫ്ഐ സംഘം കെഎസ്‍യു ഭാരവാഹിയെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൊട്ടാരക്കര എസ്ജി കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റും കെഎസ്‍യു ഭാരവാഹിയുമായ എബിനാണ് മർദനത്തിനിരയായത്. യാതൊരു കാരണവും കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ വൈരാഗ്യം മൂലമാണ് എസ്എഫ്ഐ ഗുണ്ടകൾ സംഘം ചേർന്ന് മർദിച്ചതെന്ന് കെഎസ്‍യു ആരോപിച്ചു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എസ്എഫ്ഐ നടത്തുന്ന അതിക്രമം പ്രതിഷേധാർഹമാണെന്നും വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ പറഞ്ഞു.