വിഷു, റംസാൻ പ്രമാണിച്ച് കെഎസ്ആർടിസി അധിക സർവിസ് നടത്തും

തിരുവനന്തപുരം: ആഘോഷ വേളകൾ പ്രമാണിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. ഈദുൽ ഫിത്തർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് ബംഗളൂരുവിലേക്കാണ് കെഎസ്ആർടിസി അധിക സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, പാല, അങ്കമാലി തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവീസുകളും അനുവദിച്ചിട്ടുണ്ട്.
തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് അധിക സർവീസ് അനുവദിക്കാനും സാധ്യതയുണ്ട്. വിമാന നിരക്കിന് തുല്യമായാണ് കെഎസ്ആർടിസിയുടെ ബസ് നിരക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങളും കുറവല്ല. ആവശ്യകത അനുസരിച്ച് നിരക്ക് വിമാന ടിക്കറ്റിൽ വർദ്ധിപ്പിക്കാറുണ്ടെങ്കിലും കെഎസ്ആർടിസിയുടെ ബസ് ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാകാറില്ലെന്നും വ്യാജ പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാമാണെന്നും കെഎസ്ആർടിസി അധികൃതർ അറിയിക്കുകയും ചെയ്തു.
കെഎസ്ആർടിസി ബസ്സിൽ തിരുവനന്തപുരത്തു നിന്ന് 2535 രൂപ മുതൽ 2874 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. സ്വകാര്യ ബസുകളിൽ ഇത് 1600 മുതൽ 3500 രൂപ വരെയാണ്. സ്വകാര്യ ബസ് നിരക്കിൽ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് നിരക്കിൽ വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്.
അവധി ദിനങ്ങൾ അടുക്കുന്നത് പ്രമാണിച്ച് വിമാന സർവീസ് നിരക്ക് വർദ്ധിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. 2776 രൂപയായിരുന്നു കുറഞ്ഞ നിരക്ക് ഞായറാഴ്ച 3038 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നിരക്ക് വർദ്ധന കൊച്ചിയിൽ നിന്നുള്ള സർവീസിനെ ബാധിച്ചിട്ടില്ല. കൊച്ചിയിൽ നിന്നുള്ള വിമാന നിരക്ക് 10, 13 തീയതികളിലെ ടിക്കറ്റിന് ആരംഭിക്കുന്നത് 2822 രൂപ മുതലാണ്. അതേ സമയം ട്രെയിൻ സർവീസ് അധിക സർവീസുകൾ ഒന്നും ആഘോഷ വേളകളുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.