കെഎസ്ആർടിസി ബസുകളിൽ ഇനി ലഘുഭക്ഷണവും
തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റിലും അതിനു മുകളിലുമുള്ള ബസുകളിൽ 15 രൂപയ്ക്ക് ഹില്ലി അക്വാ കുടിവെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെ, ബസുകളിൽ ലഘുഭക്ഷണ വിതരണത്തിനുള്ള സംവിധാനവും കെഎസ്ആർടിസി ഒരുക്കുന്നു.
ലഘുഭക്ഷണം വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നു പദ്ധതി വിവരണവും നിർദേശങ്ങളും കെഎസ്ആർടിസി ക്ഷണിച്ചു കഴിഞ്ഞു. ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകും ലഭ്യമാക്കുക. പായ്ക്ക് ചെയ്തതും ബസിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കും ഇവ
ലഘുഭക്ഷണങ്ങൾ നിർദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിച്ചു മാത്രമേ ലഭ്യമാക്കൂ. ബസുകൾക്കുള്ളിൽ വെൻഡിങ് മെഷീൻ സ്ഥാപിക്കാനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി സിഎംഡിയുടേതായിരിക്കും. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഈ മാസം 24നു മുൻപ് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.