ഊതില്ലെന്നറിയിച്ച് പ്രതിഷേധം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം
കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബ്രത്തലൈസറില്‍ ഊതാതെ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം. കാഞ്ഞങ്ങാട് സബ്ഡിപ്പോയിലെ ഡ്രൈവര്‍ ചുള്ളിക്കരയിലെ വിനോദ് ജോസഫിനെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. കേരള ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയാണ്. ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലം മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു.
ജൂണ്‍ 2 നായിരുന്നു സംഭവം. കാഞ്ഞങ്ങാട് നിന്നും രാവിലെ 7 ന് പുറപ്പെടുന്ന പാണത്തൂര്‍-ഇരിട്ടി ബസിലെ ഡ്രൈവറാണ് വിനോദ്. പതിവ് നടപടിക്രമമെന്ന നിലയില്‍ ചെക്കിങ് ഇന്‍സ്പെക്ടര്‍ ബ്രത്തലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ പ്രതിഷേധവും പ്രതികരണവും. ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരുന്നതിലും കാണിക്കണം. ശമ്പളം തരാത്തതിനാല്‍ ഇന്ന് ഊതുന്ന പ്രശ്നമില്ലെന്ന നിലപാടിലായിരുന്നു വിനോദ്.
ലോഗ്ഷീറ്റ് വാങ്ങി ബസ് തിരിച്ചിട്ട് കണ്ടക്ടറെ കാത്തിരിക്കുമ്പോഴാണ് ബ്രത്ത് അനലൈസറില്‍ ഊതാത്ത ഡ്രൈവര്‍ക്ക് ഡ്യൂട്ടി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. മാസം കഴിയാറായിട്ടും പാതി ശമ്പളമേ കിട്ടിയുള്ളൂ. ഇതില്‍ പ്രതിഷേധിച്ചാണ് ഊതാതിരുന്നതെന്ന് ലോഗ് ഷീറ്റില്‍ ഇദ്ദേഹം എഴുതി. ലോഗ് ഷീറ്റ് തിരികെ വാങ്ങിയ അധികൃതര്‍ ഇദ്ദേഹത്തിന്റെ ഡ്യൂട്ടി മറ്റൊരു ഡ്രൈവര്‍ക്ക് നല്‍കി. രണ്ടരമണിക്കൂറോളം വിനോദ് ജോസഫ് ഡിപ്പോയില്‍ കുത്തിയിരിക്കുകയായിരുന്നു. പിന്നീട് രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.