മിതമായ നിരക്കിൽ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാൻ ആലോചന

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കി. മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും.

കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും. സാധാരണക്കാർക്ക് ഇപ്പോഴത്തേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ സാധിക്കുമെന്നതു നേട്ടമാണ്. അതേസമയം, ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം കൊണ്ട് വന്ന ആദ്യ ആശയം കേരളത്തിലെ എല്ലാ യൂണിറ്റുകളിലും മിന്നൽ വേ​ഗത്തിൽ കെഎസ്ആർടിസി നടപ്പിലാക്കിയിരുന്നു. ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്ആർടിസി സൃഷ്ടിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *