കാലപ്പഴക്കം വകവയ്ക്കുന്നില്ല: ഒരു വർഷത്തിനിടെ തീപിടിച്ചത് പത്തോളം കെഎസ്ആർടിസി ബസുകൾക്ക്

0

കൊച്ചി ∙ ഓടിക്കൊണ്ടിരിക്കെ, കെഎസ്ആര്‍ടിസി ബസുകൾക്ക് തീ പിടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ കൊച്ചി നഗരമധ്യത്തിലുണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പത്തോളം കെഎസ്ആർടിസി ബസുകളാണ് ഇത്തരത്തിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന ലോഫ്ലോർ എസി കെയുആര്‍ടിസി ബസാണ് ചിറ്റൂർ റോഡിനു സമീപം വച്ച് തീപിടിച്ചത്. ബസിന്റെ പിൻഭാഗവും ഭൂരിഭാഗം സീറ്റുകളും തീപിടിത്തത്തിൽ കത്തുകയും ചില്ലുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. യാത്രക്കാരെ ഒഴിപ്പിച്ചതിനു തൊട്ടു പിന്നാലെ ബസിൽ തീയാളിപ്പടരുകയായിരുന്നു.

ഇത്തരത്തിൽ യാത്രക്കാരുമായി പോയിരുന്ന ഒട്ടേറെ ബസുകളാണ് അടുത്തിടെ തീപിടിച്ചിട്ടുള്ളത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമായി പറയുന്നതെങ്കിലും ബസുകളുടെ കാലപ്പഴക്കവും ഉപയോഗിക്കാതെ കാലങ്ങളോളം ഇടുന്നതു വഴി വയറുകൾ ഉൾപ്പെടെ നശിക്കുന്നതുമെല്ലാം തീപിടിത്തത്തിന് കാരണമായി പറയപ്പെടുന്നുണ്ട്. 10 വർഷത്തിലേറെ പഴക്കമുള്ള ബസാണ് ഇന്നലെ കൊച്ചിയിൽ കത്തി നശിച്ചത്. ഇത്തരത്തിൽ പത്തോളം അപകടങ്ങൾ ഒരു വർഷക്കാലയളവിൽ മാത്രം സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലുകളാണ് പലപ്പോഴും യാത്രികരെ രക്ഷപെടുത്തിയത്.

∙ ഈ ഒക്ടോബർ ഏഴിനാണ് പുനലൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന കെഎസ്‍ആർടിസി വേണാട് ബസിന് തീ പിടിച്ചത്. ഡീസൽ ലീക്ക് ചെയ്തിരുന്ന കാര്യം നാട്ടുകാർ ഡ്രൈവറെ അറിയിച്ചു. ഡ്രൈവർ വേഗത്തിൽ റോഡിന്റെ വശത്തേക്ക് ബസ് മാറ്റി നിർത്തിയപ്പോഴേക്കും താഴെ നിന്ന് തീ പടർന്നു തുടങ്ങിയിരുന്നു. യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപെട്ടു.

∙ ഈ വർഷം ജൂലൈയിലാണ് തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ആലുവയിൽ വച്ച് തീയും പുകയും പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ വാഹനം നിർത്തി തീ അണയ്ക്കുകയായിരുന്നു.

∙ ഈ വർഷം ജനുവരിയിൽ പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു.

∙ ഈ വർഷം ഫെബ്രുവരിയിലാണ് കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചത്. ആളപായമുണ്ടായില്ല.

∙ 2023 ഒക്ടോബറില്‍ തിരുവനന്തപുരത്ത് യൂണിവേഴ്സ്റ്റി കോളജിന് മുന്നിൽ വച്ച് കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. യാത്രക്കാർ രക്ഷപെട്ടു. തീ ആളിപ്പടരുന്നതിനു മുമ്പ് അണച്ചതിനാൽ ബസ് പൂർണമായി കത്തി നശിച്ചില്ല.

∙ തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് അഴൂരിൽ 2023 മാർച്ചിൽ ബസിന് തീപിടിച്ചു. ചിറയിൻകീഴ് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ മുന്നിലാണ് തീ പിടിച്ചത്. 40ഓളം യാത്രാക്കരാണ് ബസിലുണ്ടായിരുന്നത്. ബസ് പൂർണമായി കത്തി നശിച്ചു.

∙ 2023 ഫെബ്രുവരിയിൽ നിലമ്പൂർ–കോട്ടയം സൂപ്പർഫാസ്റ്റ് ബസിന് തൃശൂർ പുഴയ്ക്കലിൽ വച്ച് തീ പിടിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ നാട്ടുകാരെത്തി തീ അണയ്ക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *