ലോഫ്ലോർ ബസിൽ തീപിടിത്തം; ഗ്ലാസുകൾ പൊട്ടിത്തെറിച്ചു, സീറ്റുകൾ കത്തിനശിച്ചു
കൊച്ചി∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസ് കത്തിനശിച്ചു. എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംക്ഷനിൽ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. അഗ്നിശമന സേനയെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകൾ നടന്നുവരികയാണ്.
ബസിന്റെ അപകടമുന്നറിയിപ്പ് സംവിധാനത്തിൽനിന്നു അലാം ലഭിച്ചതോടെ ഡ്രൈവർ ബസ് നിർത്തി. 21ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഉടനടി പുറത്തിറക്കി. പിന്നാലെ ബസിന്റെ പിന്നിൽനിന്നു തീയും പുകയും ഉയർന്നു.
തീപിടിത്തത്തിൽ ബസിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. പിന്നിലെ സീറ്റുകളും കത്തി നശിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്നതും സമീപത്തെ കടകളിലും മറ്റുമുണ്ടായിരുന്ന അഗ്നിശമന യന്ത്രങ്ങൾ ഉപയോഗിച്ച് തീ കെടുത്താൻ ബസ് ജീവനക്കാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.