കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം വീതം ധനസഹായം

0

 

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചതാണ് ഇക്കാര്യം. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും ലിന്റോ ജോസഫ് അറിയിച്ചു.

കഴി‍ഞ്ഞദിവസം ഉച്ചയ്ക്കാണ് തിരുവമ്പാടി-ആനക്കാംപൊയിൽ റൂട്ടിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കാളിയാമ്പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. അപകടവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. ചികിത്സയ്ക്കായെത്തിയ ആളുകൾക്ക് ധനസഹായം ലഭിച്ചില്ലെന്നും അവരെ ആരും തിരിഞ്ഞുനോക്കിയില്ലെന്നതുമായിരുന്നു അതിൽ പ്രധാനകാരണങ്ങൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചില്ലെന്നതും പ്രതിഷേധത്തിന് കാരണമായി.

ഈ വിഷയത്തിലാണിപ്പോൾ ലിന്റോ ജോസഫ് എം.എൽ.എ ഇടപെട്ട് തീരുമാനമെടുത്തിരിക്കുന്നത്. ഇതിനിടെ അപകടത്തിൽപ്പെട്ട ബസിന് ഇൻഷുറൻസില്ലെന്ന വിവരവും പുറത്തുവന്നു. എങ്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവരുടെ ചികിത്സയ്ക്കുമുള്ള ധനസഹായം ലഭിക്കുന്നതിന് തടസമുണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തതായി ​ഗതാ​ഗതമന്ത്രിയും അറിയിച്ചു.

ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് മുപ്പതടിയോളം താഴ്ചയിലെ കാളിയാമ്പുഴയിലേക്ക് മറിയുകയായിരുന്നു. അധികം യാത്രക്കാരില്ലാതിരുന്നതിനാലും പുഴയിൽ വെള്ളം കുറവായതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ബസ് വീണിടത്ത് ഒരാൾപൊക്കത്തിലായിരുന്നു ജലനിരപ്പ്. ക്രെയിനിന്റെ സഹായത്തോടെ ബസ് ഉയർത്തി പരിക്കേറ്റവരെ പെട്ടെന്ന് പുറത്തെത്തിച്ചതിനാൽ അപകടത്തിന്റെ തീവ്രത കുറയ്ക്കാനായതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *