മോശമായി സംസാരിച്ചപ്പോഴാണു തിരിച്ചുപറഞ്ഞത്: കെഎസ്ആർടിസി ഡ്രൈവർ
തിരുവനന്തപുരം: മോശമായി സംസാരിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നു കെഎസ്ആർടിസി ഡ്രൈവർ യദു. തൃശൂര്‍–ആലപ്പുഴ–തിരുവനന്തപുരം ബസാണ് ഞാൻ ഓടിച്ചിരുന്നത്. ഇടതുവശത്തു കൂടിയാണു മേയറുടെ കാർ ഓവര്‍ടേക്ക് ചെയ്തത്. മേയറും എംഎല്‍എയുമാണെന്ന് അറിയാതെയാണ് ഞാന്‍ സംസാരിച്ചത്”, യദു പറയുന്നു.
പട്ടം എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ട് വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്തുപോകാന്‍ സ്ഥലം കൊടുത്ത ശേഷം മൂന്നാമതായിരുന്നു മേയര്‍ സഞ്ചരിച്ച വാഹനമെത്തിയതെന്ന് ഡ്രൈവർ പറയുന്നു. പ്ലാമൂടിനും പിഎംജിക്കും ഇടയില്‍ വണ്‍വേയില്‍ വച്ചായിരുന്നു മേയറുടെ വാഹനം ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. അവിടെ ബസ് ഒതുങ്ങി കൊടുക്കാന്‍ സ്ഥലമില്ല. എന്നിട്ടും ഇടതുവശത്തു കൂടി വാഹനം ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍കയറി. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയതെന്നും യദു.
തനിക്ക് ഞാനാരാണെന്ന് അറിയാമോ എന്നും എംഎൽഎയാണെന്നും പറഞ്ഞ് ഒരാൾ തട്ടിക്കയറി. തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്നും ചോദിച്ചു. മോശമായി സംസാരിച്ചപ്പോഴാണ് ഞാനും തിരിച്ചുപറഞ്ഞത്. അപ്പോഴും മേയറാണെന്ന് അറിയില്ലായിരുന്നു. മേയറോട് ഒന്നും പറഞ്ഞില്ല. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ എന്നും യദു പറയുന്നു.