മിന്നൽ പ്രളയത്തിൽ കനത്ത നാശം

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും മരണം 46 ആയി ഉയർന്നു. 160 പേരെ രക്ഷപ്പെടുത്തി. 200 ലേറെ പേരെ കാണാതായതായിട്ടാണ് റിപ്പോർട്ട്. ഇതുവരെ 46 മൃതദേഹങ്ങൾ ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
മരിച്ചവരിൽ രണ്ടു സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു. ചോസ്തി, ഗാണ്ടർബാൾ, പഹൽഗാം മേഖലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതിലേറെയും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
സൈന്യവും, എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകി. വിദൂരഗ്രാമമായ ചഷോത്തിയിൽ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിലാണ് ദുരന്തമുണ്ടായത്.