കുറഞ്ഞ നിരക്ക്; വൈദ്യുതി ലഭിക്കുമായിരുന്ന അവസരം നഷ്ടപ്പെടുത്തി കെഎസ്ഇബി

0

തിരുവനന്തപുരം ∙ വൈദ്യുതി ഉപയോഗം കൂടുതലുള്ള നാലു മണിക്കൂർ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന വൻ അവസരം അനാസ്ഥ മൂലം കെഎസ്ഇബി നഷ്ടപ്പെടുത്തി.

പുനരുപയോഗിക്കാവുന്ന സ്രോതസുകളിൽ നിന്നുൽപാദിപ്പിക്കുന്ന 1500 മെഗാവാട്ട് യൂണിറ്റിന് 4.46 രൂപയ്ക്ക് ലഭ്യമാക്കാമെന്നും ആവശ്യകത ഉടൻ അറിയിക്കണമെന്നും നിർദേശിച്ച് സത്‌ലജ് ജൽ വിദ്യുത് നിഗം ലിമിറ്റഡ് (എസ്ജെവിഎൻ) നൽകിയ കത്തിനു കെഎസ്ഇബി മറുപടി നൽകിയത് നാലുമാസം കഴിഞ്ഞ്.

2023 നവംബർ 24 ന് ലഭിച്ച കത്തിന് മറുപടി 2024 മാർച്ചിൽ. ഈ മറുപടി ലഭിക്കുന്നതിനു മുൻപു തന്നെ 1500 മെഗാവാട്ടിനും കരാറായെന്ന് എസ്ജെവിഎൻ ജൂൺ 10 ന് കെഎസ്ഇബിയെ അറിയിച്ചു. ആദ്യമേ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ മുഴുവൻ വൈദ്യുതിയും കെഎസ്ഇബിക്കു തന്നെ ലഭിക്കുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നാലുമാസം വൈകിയുള്ള കത്തിലും 25 വർഷത്തേക്ക് ഈ നിരക്കിൽ 166.66 മെഗാവാട്ട് മാത്രമാണ് കെഎസ്ഇബി ആവശ്യപ്പെട്ടതെന്നതും വിചിത്രമാണ്.

കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്കു വൈദ്യുതി ലഭ്യമാക്കാനുള്ള 4 കരാറുകൾ ടെൻഡറിലെ വീഴ്ച മൂലം വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണൽ റദ്ദാക്കിയതിനു പിന്നാലെയാണ് ഈ ഗുരുതര വീഴ്ച. കേരളം ഉപേക്ഷിച്ച വൈദ്യുതി മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (534 മെഗാവാട്ട്), നോയിഡ പവർ കമ്പനി (100 മെഗാവാട്ട്), ഹരിയാന പവർ പർച്ചേസ് സെന്റർ (800 മെഗാവാട്ട്) എന്നിവയാണ് സ്വന്തമാക്കിയത്.

പിഴവിന്റെ ഭാരം ജനത്തെ അടിച്ചേൽപ്പിക്കരുത്: റഗുലേറ്ററി കമ്മിഷൻതിരുവനന്തപുരം ∙ കത്തിനു മറുപടി നൽകാൻ 4 മാസം വൈകി വാഗ്ദാനം നഷ്ടപ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്നും പിഴവിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപിക്കരുതെന്നും വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പറഞ്ഞു. പ്രതിസന്ധിയുണ്ടായിട്ടും 166.66 മെഗാവാട്ട് മാത്രം ആവശ്യപ്പെട്ടതിന്റെ കാരണം സ്വീകാര്യമല്ല. സമീപകാലത്ത് വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട ടെൻഡറുകളിൽ കെഎസ്ഇബി സ്വീകരിച്ച നടപടി ഒരാഴ്ചയ്ക്കുള്ളിൽ കമ്മിഷനെ അറിയിക്കണം. റിന്യൂവബിൾ എനർജി ഇംപ്ലിമെന്റിങ് ഏജൻസികളുടെ കരാറുകളുടെ സാധ്യത പരിശോധിച്ച് ഉടൻ നടപടിയെടുക്കാൻ സ്ഥിരം സംവിധാനമൊരുക്കണമെന്നു കമ്മിഷൻ നിർദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *