ഒരു വാര്യർക്കും നായർക്കും തോൽവിയിൽ ഇഫക്ടില്ല; സി കൃഷ്ണകുമാർ
പാലക്കാട്: പാലക്കാട്ടെ ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ ഇഫക്ട് എത്രത്തോളമുണ്ടെന്ന് ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. മണ്ഡലത്തിൽ പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും കൃഷ്ണകുമാർ ഉറപ്പ് നൽകി. വിജയിക്കാൻ സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാട്. ആത്മപരിശോധനയ്ക്കുള്ള ഇടവരുത്തുക കൂടിയാണ് കൂടിയാണ് ഈ ഫലം. ഇനി വരുന്ന മുനിസിപ്പൽ, പഞ്ചായത്ത് തിരഞ്ഞടുപ്പുകളിൽ ശക്തമായ പ്രകടനം നടത്തി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും എന്തുകൊണ്ടാണ് വോട്ട് കുറവ് വന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട പോലെയാണ് പല ആളുകളും ആഘോഷിക്കുന്നതെന്നും ബിജെപിയുടെ ബേസ് വോട്ടുകൾ എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. വ്യക്തിപരമായ വോട്ടുകളാണ് ശ്രീധരന് കിട്ടിയത്, ആ വോട്ടുകൾ സാധാരണ പ്രവർത്തകന് കിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണെന്നും ഈ പരാജയത്തിന്‍റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.സുരേന്ദ്രൻ പുറത്തുപോകാതെ ബിജെപി രക്ഷപ്പെടില്ലെന്നും അതുകൊണ്ടുതന്നെ താനാഗ്രഹിക്കുന്നത് അയാൾ രാജിവെക്കേണ്ട എന്നാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. താനൊരു സാധാരണക്കാരനായ നേതാവാണെന്ന് ആവർത്തിച്ച സന്ദീപ് വാര്യർ കെ സുരേന്ദ്രൻ ബഹിരാകാശ നേതാവാണെന്നും പരിഹസിച്ചു.