‘കൃഷ്ണദാസിന്റെ പരാമർശം ശ്രദ്ധയിൽപെട്ടില്ല, ആരു പറഞ്ഞാലും ശരിയല്ല; മാപ്പു ചോദിക്കുന്നു’
കോട്ടയം∙ മാധ്യമ പ്രവർത്തകർക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് നടത്തിയ പരാമർശം തന്റെ ശ്രദ്ധയിൽപെട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും സരിൻ പ്രതികരിച്ചു. മാധ്യമ പ്രവർത്തർ ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളാണെന്ന് ആരു പറഞ്ഞാലും ശരിയല്ല. മാധ്യമ പ്രവർത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണു കേരളത്തിലെ മാധ്യമ പ്രവർത്തകർ എന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സരിൻ സന്ദർശിച്ചു. പുതുപ്പള്ളിയിൽ ഇടവേളകളിൽ എത്താറുള്ള ആളാണു താൻ. രാഷ്ട്രീയത്തിന്റെ ശരികളിലൂടെയാണു നടക്കുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരം സന്ദർശിക്കണമെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുന്നില്ല. പാലക്കാട് ഇടതുമുന്നണിയിൽ ഭിന്നതയില്ല. കോൺഗ്രസിൽ ശുദ്ധികലശത്തിനു തുടക്കം കുറിക്കാൻ കഴിഞ്ഞു. പാർട്ടിയിലിപ്പോൾ ആശയപോരാട്ടം തുടങ്ങിയെന്നും സരിൻ പ്രതികരിച്ചു. എൻഎസ്എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി സരിൻ കൂടിക്കാഴ്ച നടത്തി.