റെയിൽവേയുടെ അവഗണന തുടർന്നാൽ ട്രെയിൻ തടയും: സി.ആർ. മഹേഷ്. എം. എൽ. എ

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോട് റെയിൽവേയുടെ അവഗണന തുടരുകയാണെങ്കിൽ കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ, മണ്ഡലങ്ങളിലെ ജനങ്ങളെ അണിനിരത്തി കൊണ്ട് ട്രെയിൻ തടയൽ സമരവുമായി മുന്നോട്ടുപോകുമെന്ന് കരുനാഗപ്പള്ളി എംഎൽഎ, സി.ആർ മഹേഷ് പറഞ്ഞു. റെയിൽവേയുടെ അവഗണനക്കെതിരെ കഴിഞ്ഞദിവസം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മഹേഷ്. കോവിഡ് കാലഘട്ടത്തിൽ സ്റ്റോപ്പുകൾ നിർത്തലാക്കിയ ട്രെയിനുകളുടെ ഇരു ഭാഗങ്ങളിലേക്കുമുള്ള സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും എം. എൽ. എ. ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനെക്കാൾ 40% കുറവ് വരുമാനമുള്ള മാവേലിക്കര സ്റ്റേഷനിൽ സൂപ്പർഫാസ്റ്റുകൾ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണന യാത്രക്കാരോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇത് കണ്ടില്ലയെന്ന് നടിക്കാൻ കഴിയില്ലെന്നും അതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മുഴുവൻ യാത്രക്കാരെയും ഉൾപ്പെടുത്തി ഒരു ദിവസം മുഴുവൻ ഇതുവഴി പോകുന്ന എല്ലാ തീവണ്ടികളും തടഞ്ഞു പ്രതിഷേധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ: പി.കെ ഗോപൻ പറഞ്ഞു.
റെയിൽവേയുടെ മുൻകാല കണക്കുകളുടെ അടിസ്ഥാനത്തിൽ ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സ് ട്രെയിനു ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് കരുനാഗപ്പള്ളിയിൽ നിന്നാണെന്നും ഒരു ദിവസം എണ്ണായിരത്തോളം യാത്രക്കാരാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്നതെന്നും അതിനാൽ ഒരു ദിവസം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്യുന്ന യാത്രക്കാർ യാത്ര ചെയ്യാതെ പ്രതിഷേധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അനിൽ.എസ്. കല്ലേലിഭാഗം അഭിപ്രായപ്പെട്ടു.
ആഴ്ചയിൽ 30 ട്രെയിനുകളാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വഴി ചെന്നൈയിലേക്ക് പോകുന്നത് എന്നാൽ ഇതിൽ ഒരു ട്രെയിൻ പോലും കരുനാഗപ്പള്ളിയിൽ നിർത്തുന്നില്ല, അതുപോലെതന്നെയാണ് ആഴ്ചയിൽ 15 ട്രെയിനുകളാണ് ന്യൂഡൽഹിയിലേക്ക് പോകുന്നത് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനെക്കാൾ 40% വരുമാനക്കുറവുള്ള മാവേലിക്കര സ്റ്റേഷനുകളിൽ ഇവയ്ക്കെല്ലാം സ്റ്റോപ്പുകളുമുണ്ട്. വരുമാന വർദ്ധനവ് കൂടുന്നതനുസരിച്ച് വികസന പ്രവർത്തനങ്ങളും ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പുകളും നൽകേണ്ടതാണെന്നും ഉടൻതന്നെ തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഇരു സൈഡിലേക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാനും തൊടിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറുമായ നജീബ് മണ്ണിൽ അധ്യക്ഷത വഹിച്ചു ചടങ്ങിന് റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ രവി സ്വാഗതം ആശംസിച്ചു. രാഷ്ട്രീയ, സാമൂഹിക, പൊതു, സാംസ്കാരിക രംഗത്തെ നിരവധി പ്രതിനിധികളും കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിലെ മുൻ ഭാരവാഹികളും നിലവിലെ ഭാരവാഹികളും കൂട്ട ധർണ്ണയിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ വികസനവുമായി ബന്ധപ്പെട്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് ദക്ഷിണ റെയിൽവേ മേധാവിക്കു തപാൽ വഴിയും, റെയിൽവേ മന്ത്രാലയത്തിൽ ജനുവരി 25ന് നേരിട്ടും മാധ്യമപ്രവർത്തകൻ ബിജു വിദ്യാധരൻ നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വരുമാനം പത്തു കോടിക്ക് മുകളിലാണ്.