കരുനാഗപ്പള്ളിലേക്ക് വരല്ലേ അപകടകുരുക്കാണ്

ബിജു.വി
കൊല്ലം: കരുനാഗപ്പള്ളിയിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുമ്പോൾ ഗതാഗത നിയന്ത്രണത്തിനും വേണ്ടത്ര ഉദ്യോഗസ്ഥരും ട്രാഫിക് വാർഡൻമാരും ഇല്ലാത്തതും ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ സർവീസ് റോഡുകൾ പൂർത്തിയാകാത്തതും അപകടങ്ങൾക്ക് കാരണമാകും. ലാലാജി ജംഗ്ഷൻ മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെ ദേശീയപാതയുടെ നിർമ്മാണങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ നിലവിലെ റോഡിനോട് ചേർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട് ഈ ഭാഗങ്ങളിൽ ബസറുകളോ, സ്റ്റാറ്റസ് സ്റ്റോപ്പ് ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ ഈ കുഴിയിൽ വീണ് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. മഴ സമയത്ത് റോഡിന്റെമദ്ധ്യത്തിൽ രൂപം കൊള്ളുന്ന കുഴികളിൽ വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങളിൽ വരുന്ന യാത്രക്കാർ കുഴിയിൽ വീഴാൻ സാധ്യത വളരെ കൂടുതലാണ് ഇങ്ങനെ വീണാൽ പിറകിൽ നിന്ന് വരുന്ന വാഹനം ഇവരുടെ ശരീരത്ത് കയറുമെന്ന കാര്യവും ഉറപ്പാണ്. രാത്രികാലങ്ങളിൽ ഗതാഗത കുറവുള്ള സമയങ്ങളിൽ നടത്തേണ്ട ജോലികൾ കരാറുകാർ പകൽ സമയത്തതാണ് നടത്തുന്നത് ഇത് വലിയതോതിൽ ഗതാഗത കുരുക്കിന് കാരണമാകുന്നു.റോഡ് നിർമ്മാണം ഏറ്റെടുത്ത വിശ്വസമുദ്ര എന്ന കമ്പനി ആവശ്യത്തിന് ട്രാഫിക് വാർഡൻമാരെ നിയോഗിക്കാമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ഉറപ്പു നൽകിയിരുന്നു എന്നാൽ ഇവയൊന്നും പാലിക്കുന്നില്ല.
മുൻസിപ്പാലിറ്റി മൗനത്തിൽ
നിലവിലെ സർവീസ് റോഡിനോട് ചേർന്ന് ചില കടകളുടെ അനുബന്ധങ്ങൾ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി പെട്ടിക്കടകളും ഈ പ്രദേശത്ത് വ്യാപാരം നടത്തുന്നു. ഇതു മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് പലതവണയും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിക്ക് കത്ത് നൽകി. മുൻസിപ്പാലിറ്റിയിലെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെയുള്ളവർ ഇതിന് തയ്യാറാകുന്നില്ല. ചില കൗൺസിലർമാരുടെ നിർദ്ദേശപ്രകാരമാണ് പെട്ടിക്കടകൾ പോലെയുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും സ്ഥാപനങ്ങളുടെ അനുബന്ധം റോഡിലേക്ക് സ്ഥാപിച്ചതെന്നുമാണ് മുൻസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെയുള്ളവർക്ക് സൗജന്യമായി ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പലതും ലഭിക്കുന്നതിനാലാണ് ഇവരെ ഒഴിപ്പിക്കാത്തതെന്ന് മുൻസിപ്പാലിറ്റി ലൈസൻസ് സമ്പാദിച്ചു കടകൾക്ക് വാടക കൊടുത്തു വ്യാപാര വ്യവസായം നടത്തുന്നവർ പറയുന്നു. നിലവിലെ സർവീസ് റോഡിനോട് ചേർന്നിരിക്കുന്ന പെട്ടിക്കടകളും മറ്റ് അനുബന്ധവും രാത്രികാലങ്ങളിൽ അമിത സ്പീഡിൽ വരുന്ന വാഹനങ്ങൾ ഇടിച്ചു തെറിപ്പിക്കാനും സാധ്യതയുണ്ട്. നിരവധി തവണ പലരും പരാതി നൽകിയിട്ടും മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ട്രാഫിക് പോലീസ് സ്റ്റേഷൻ എവിടെ?
കരുനാഗപ്പള്ളിയിൽ ദിവസവും നിരവധി അപകടങ്ങളും ഗതാഗതക്കുരുകളും നേരിടുന്ന കരുനാഗപ്പള്ളിക്ക് ഒരു ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്ന് ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 10 വർഷങ്ങൾക്കു മുമ്പ് ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടന്നിരുന്നു. എന്നാൽ ഉദ്ഘാടനവും സമാപനവും ഒരേ പോലെയായിരുന്നു. വവ്വാക്കാവ് മുതൽ കന്നേറ്റി വരെയുള്ള 7 കിലോമീറ്റർ പ്രധാനപ്പെട്ട 9 ജംഗ്ഷനുകളാണുള്ളത് ഇതിൽ മൂന്ന് ജംഗ്ഷനിൽ മാത്രമാണ് ഹോം ഗാർഡുകൾ ഗതാഗത നിയന്ത്രണത്തിനുള്ളത്. ഹൈവേ പോലീസ്, പോലീസ് കൺട്രോൾ റൂം വാഹനം, പിങ്ക് പോലീസ് എന്നിവ കരുനാഗപ്പള്ളിയിൽ ഉണ്ടെങ്കിലും പേരിനു മാത്രമാണ്. ദിവസവും ഈ വാഹനങ്ങൾ സ്റ്റേഷനുകളിൽ നിന്നും പുറത്തിറങ്ങിയാൽ ഓരോ ദിവസവും ഇവർക്ക് നൽകിയിരിക്കുന്ന പെറ്റി കേസുകളുടെ ടാർജറ്റ് തികഞ്ഞാൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സിഗ്നൽ കിട്ടുന്ന പ്രദേശത്തേക്ക് മാറി വിശ്രമിക്കുന്നത് കാണാം. ഹൈവേ പോലീസ് എന്ന് എഴുതിയ വാഹനം ഇല്ലാതിരുന്ന സമയത്ത് സാദാ പോലീസ് വാഹനത്തിൽ വന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥർ കരുനാഗപ്പള്ളിക്ക് കിഴക്ക് കേരള ഫീഡ്സ് കമ്പനിക്ക് സമീപം വന്ന് വിശ്രമിക്കുന്നത് സഹ്യ ടിവി റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ കരുനാഗപ്പള്ളി പ്രദേശത്തെ ഗതാഗതക്കുരുക്കിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കരുനാഗപ്പള്ളി പ്രദേശവാസികളുടെ ആവശ്യം.