കരുനാഗപ്പള്ളി പുതിയ പോലീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (24/01/2026)

കൊല്ലം : ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനിലൂടെ നിർവഹിക്കും. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബി ബാലഗോപാലനും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയും മുഖ്യപ്രഭാഷണം നടത്തും. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിനും പോലീസ് സ്റ്റേഷനും വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്.
10544 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച മന്ദിരത്തിന്റെ താഴത്തെ നില പൂർണമായും പോലീസ് സ്റ്റേഷൻ ആവശ്യങ്ങൾക്കായി വിനിയോഗിക്കും. ഒന്നാം നിലയിലാണ് കരുനാഗപ്പള്ളി ചവറ തെക്കുംഭാഗം ഓച്ചിറ എന്നീ സ്റ്റേഷനുകളുടെ സബ് ഡിവിഷൻ ഓഫീസർ കൂടിയായ കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്നത്. കൊല്ലം എംപി എൻ. കെ.പ്രേമചന്ദ്രൻ, ആലപ്പുഴ എംപി കെ. സി. വേണുഗോപാൽ, ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാദേവി എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളാകും. കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ നേരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണൻ കിരൺനാരായണൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാർ നന്ദി രേഖപ്പെടുത്തും
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം വിവിധ ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മറ്റു 12 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പത്ത് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് പിണറായി വിജയൻ നിര്‍വ്വഹിക്കുന്നത്. കൂടാതെ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരള റെയില്‍വേ പോലീസ് തയ്യാറാക്കിയ “റെയില്‍ മൈത്രി” എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈൻ വഴി നിര്‍വ്വഹിക്കും.
