കരുനാഗപ്പള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

കൊല്ലം: ഓണത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ആദിനാട് പുന്നക്കുളം ഷീജാ മൻസിലിൽ മുഹമ്മദ് റഷീദ് മകൻ മുഹമ്മദ് റാഫി(25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസ് ന്റെ മേൽനോട്ടത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. പരിശോധനയിൽ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടുവന്ന 54 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
മയക്ക് മരുന്ന് ഓണാഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു, എസ്.ഐ അനിൽകുമാർ , എ.എസ്.ഐ സീമ, സി.പി.ഓ സജീർ എന്നിവരോടൊപ്പം ഡാൻസാഫ് എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന് വ്യാപാരം തടയുന്നതിന് വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.