യുവാക്കൾക്കും പുതുമുഖങ്ങൾക്കും മുൻഗണന; പുനഃസംഘടനയ്‌ക്കൊരുങ്ങി കെപിസിസി
തിരുവനന്തപുരം: പുനഃസംഘടനയ്‌ക്കൊരുങ്ങി കെപിസിസി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെപിസിസി, ഡിസിസി കമ്മികൾ പുനഃസംഘടിപ്പിക്കാനാണ് നീക്കം. പാർട്ടിയിൽ പുനഃസംഘടന നടത്തുന്നില്ലെന്ന വ്യാപക വിമർശനത്തിനിടെയാണ് തീരുമാനം.
കെപിസിസി, ഡിസിസി തലത്തിൽ പൂർണ്ണമായ പൊളിച്ചെഴുത്താണ് ലക്ഷ്യം. പുതുമുഖങ്ങളെയും യുവാക്കളേയും പരിഗണിക്കാനാണ് ആലോചിക്കുന്നത്. പ്രവർത്തനം മോശമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ മാറ്റും. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനം വിലയിരുത്തിയാകും പുനസംഘടനയിൽ പരിഗണിക്കുക.
കെ സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാന്‍റിന് വിടാനാണ് നിലവിലെ ധാരണ. എന്നാൽ എഐസിസിയുടെ ഭാഗത്തു നിന്നും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടാണ് പുറത്തുവരുന്നത്. തൽക്കാലം പരസ്യപ്രസ്താവന വേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം.