മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുന്നു ; കെപിസിസി പുനഃസംഘടനയില്ല : വിഡി സതീശൻ

തിരുവനന്തപുരം: കെപിസിസിയിൽ പുനഃസംഘടനയുണ്ടാകുമെന്ന മാധ്യമ വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചർച്ച യോഗത്തിലുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ പുനഃസംഘടനക്കുള്ള തീരുമാനമെടുത്തെന്നാണ് മാധ്യമ വാർത്ത. നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് പുനഃസംഘടന നടത്തുമെന്നാണ് വാർത്തയെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും വിഡി സതീശൻ പറഞ്ഞു. ദേശീയപാതയിലെ തകർച്ചയിൽ പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും സതീശൻ മറുപടി നൽകി.
മന്ത്രി റിയാസിനെ വിഡി സതീശൻ വെല്ലുവിളിച്ചു. ദേശീയപാതയിൽ തകർന്ന സ്ഥലങ്ങളിലെല്ലാം പോയി റീൽസ് ഇടാനും സതീശൻ മന്ത്രിയെ വെല്ലുവിളിച്ചു. റീൽസ് ഇനി തുടരുമെന്നാണ് പൊതുമരാമത്ത് മന്ത്രി റിയാസ് പറയുന്നത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ആ മുതൽ ക്ഷ വരെ കേരളത്തിന് ബന്ധമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദേശീയപാതയിൽ 50ലധികം സ്ഥലങ്ങളിൽ വിള്ളലുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി റീൽസ് ഇടട്ടെയെന്നും സതീശൻ പരഞ്ഞു.