അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല : കെ സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ സുധാകരന്‍ എംപി. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കാനേ എനിക്ക് യോഗമുള്ളൂ. ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഹൈക്കമാന്‍ഡ് തീരുമാനം മനസ്സാ ശിരസ്സാ സ്വീകരിക്കും. വിഷയത്തില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും സംസാരിച്ചിരുന്നു.
ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം തന്റെ കൂടി തീരുമാനമാണെന്നും, കെ സുധാകരന്‍ പറഞ്ഞു. അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തന്നോട് സൂചിപ്പിച്ചിട്ടില്ല. മാറ്റം അനിവാര്യമാണെന്ന തോന്നല്‍ തനിക്കില്ല. പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ഹൈക്കമാന്‍ഡാണ്. അവര്‍ക്ക് തുടരാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഗുഡ് ബൈ പറയും. നിലവില്‍ താന്‍ സംതൃപ്തനാണ്. സന്തോഷവാനാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.കെപിസിസിയ അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി പകരം ആന്റോ ആന്റണിയെയോ കണ്ണൂരില്‍ നിന്നുള്ള സണ്ണി ജോസഫിനെയോ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാളെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് ഇരുനേതാക്കളെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും