കെപി ശശികല വേടനെതിരെ പറഞ്ഞ അസഭ്യവാക്ക് പിന്‍വലിക്കണം’: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: റാപ്പര്‍ വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ വലതു രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. വേടനെ അധിക്ഷേപിക്കാന്‍ ശശികല ഉപയോഗിച്ച വാക്ക് വളരെ മോശമാണെന്നും അത് പിന്‍വലിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വേടനെതിരെ പ്രയോഗിച്ച വാക്ക് പിന്‍വലിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടത്. ഇത്തരം അസഭ്യവും ആഭാസവും പറയുന്നത് നമുക്ക് ചേരുന്നതാണോ എന്ന് ശശികല ചിന്തിക്കണമെന്നും അമ്മയുടെ പ്രായത്തിലുളള ഒരു സ്ത്രീ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സമൂഹത്തില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ആളുകള്‍ പരസ്പരം ചീത്ത വിളിച്ചും ആയുധമെടുത്തും തുടങ്ങിയാല്‍ ഈ ലോകത്ത് ആരും ബാക്കി കാണില്ല. വാക്കുകള്‍ കൊണ്ടുളള വയലന്‍സിന്റെ കാലമല്ല ഇതെന്ന് കെപി ശശികല തിരിച്ചറിയണം. കഞ്ചാവോളി എന്ന വാക്ക് എന്തുകൊണ്ടാണ് മോശമെന്ന് ആര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. വേടന്റെ ആശയങ്ങളോട് എനിക്കും വിയോജിപ്പുണ്ട്. ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതുപോലെ മണിപ്പൂരിലെ ക്രിസ്ത്യന്‍ ജനതയ്ക്കുവേണ്ടിയും കശ്മീരിലെ പണ്ഡിറ്റുകള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്താന്‍ വേടന് കഴിയണം. വേടനെ വിമര്‍ശിക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം.
എന്നാല്‍ ഇത്തരം അസഭ്യവും ആഭാസവും പറയുന്നത് നമുക്ക് ചേരുന്നതാണോ? അതും അമ്മയുടെ പ്രായത്തിലുളള ഒരു സ്ത്രീ പറയുന്നത് ഒരുപാട് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. അത് സാമൂഹിക സംസ്‌കാരത്തിന്റെ നിലവാരം കുറയ്ക്കുകയേ ഉളളു. വേടന്റെ രാഷ്ട്രീയത്തോട് യോജിക്കാത്ത ഒരു രാഷ്ട്രീയത്തിന്റെ വക്താവാണ് ഞാന്‍. എന്നാല്‍ അവരെ അധിക്ഷേപിക്കുകല്ല വേണ്ടത്. ആ പരാമര്‍ശം പിന്‍വലിക്കാന്‍ ശശികല തയ്യാറാകണം. പരസ്പര ബഹുമാനത്തോടെയുളള വിയോജിപ്പാണ് ജനാധിപത്യം രാഹുല്‍ ഈശ്വര്‍ പറഞ്ഞു.