കണ്ണൂർ ബോംബ് സ്ഫോടനം: മരണത്തിന് പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല; കെ പി മോഹനൻ
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ. ഷെറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ടതില്ലെന്ന് കെ പി മോഹനൻ പറയുന്നു. പൊതുരീതിയുടെ ഭാഗമായാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാണ് പോയതെന്നും, പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും എംഎൽഎ. ഷെറിന്റെ കുടുംബാംഗങ്ങൾ ഇടതനുഭാവികൾ ആണെന്നും കെ പി മോഹനൻ പറഞ്ഞു.
സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന സിപിഐഎം വാദം പൊളിയുന്നതാണ് കെ പി മോഹഹന്റെ സന്ദർശനമെന്ന് ആക്ഷേപം ഉയർന്നിരുന്നു.മോഹനൻ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ബോംബ് നിർമ്മിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് നേതാക്കളുടെ സന്ദർശനം.പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടയുണ്ടായ സ്ഫോടനത്തിലാണ് കൈവേലിക്കൽ സ്വദേശി ഷെറിൻ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചികിത്സയിൽ തുടരുന്നു. ബോംബ് നിർമാണത്തിൽ പങ്കാളിത്തമുള്ള നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് സിപിഐഎം പ്രാദേശിക ഘടകം മുതൽ സംസ്ഥാന നേതൃത്വം വരെ പറയുന്നത്.
പാനൂർ ഏരിയ കമ്മിറ്റി ഇറക്കിയ വിശദീകരണക്കുറിപ്പിൽ വിനീഷും ഷെറിനും പാർട്ടി പ്രവർത്തകരെ അടക്കം ആക്രമിച്ച കേസിൽ പ്രതികൾ ആണെന്നും പരാമർശിച്ചിരുന്നു. എന്നാൽ സംസ്കാര ചടങ്ങിന് തൊട്ടുമുൻപ് സിപിഐഎം പ്രാദേശിക നേതാക്കൾ ഷെറിന്റെ വീട്ടിലെത്തുകയായിരുന്നു.സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ, കെ പി മോഹനൻ എന്നിവരാണ് മരിച്ച ഷെറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്. സന്ദർശനത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ഇതിൽ ബന്ധമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം പാർട്ടിക്ക് ബന്ധമില്ലെങ്കിൽ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ പ്രാദേശിക നേതാക്കൾ എന്തിനു പോയെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ചോദ്യം.