ഓൺലൈനിൽ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബറെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബർ പിടിയിൽ. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു പിടികൂടിയത്.
യുവതിയെ മൂന്നു മാസം മുൻപ് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തി. പതിമൂന്നിലേറെ മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.
ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ്, ഇന്നലെ പ്രതി ഫറോക്കിൽ എത്തിയ വിവരം അറിഞ്ഞു. പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പാളയം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് എത്തിയ വിവരം അറിഞ്ഞ് പ്രതി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നു രാത്രി എറണാകുളത്തേക്കുള്ള ബസിൽ കയറി. പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയിൽ ബസ് തടഞ്ഞു പ്രതിയെ പിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.