ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: മലയാളി വിദ്യാർഥിനി ബെംഗളൂരുവിൽ പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിൻ്റെ ഉടമ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സോളദേവനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സ്ഥലത്തെ സ്വകാര്യകോളജിലെ ബിരുദ വിദ്യാർഥിയാണ് പെണ്‍കുട്ടി. സുഹൃത്തുക്കളുടെ സഹായത്തോടെ വിദ്യാർഥിനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ശേഷം, പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആംഭിക്കുകയും ചെയ്‌തു.
പത്ത് ദിവസം മുമ്പാണ് താൻ അഷ്‌റഫിൻ്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു. സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് അഷ്‌റഫ് പറഞ്ഞതായും വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് കാറിൽ കയറ്റി മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിക്കാരി മൊഴിനൽകി.”വിസമ്മതിച്ചപ്പോൾ, കൈ പിടിച്ചു വലിച്ചിഴച്ചു കാറിൽ നിർബന്ധിച്ച് കയറ്റി. പിന്നീട് മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. മുറിയുടെ ലൊക്കേഷൻ സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല”- വിദ്യാർഥിനി പറഞ്ഞു.പുലർച്ചെ 1.30 നും 2.15 നും ഇടയിൽ, അഷ്‌റഫ് തന്നെ പിജിയിൽ നിന്ന് ഇറക്കി വിട്ടതായും ഇതിനെതിരെ നടപടി വേണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സമീപപ്രദേശത്തുള്ള മറ്റൊരു പേയിങ് ഗസ്റ്റ് ഉടമ രവി തേജ റെഡി 21-കാരിയായ നഴ്‌സിങ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത കേസ് നിലനിൽക്കേയാണ് സമാനരീതിയിൽ മറ്റൊരു കേസും പ്രദേശത്ത് സംഭവിക്കുന്നത്.