കോട്ടയം ജില്ലയിൽ പോലീസിന്റെ ട്രാഫിക് നിയന്ത്രണം ഇനി സൺഗ്ലാസിൽ
കോട്ടയം : ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ഗാന്ധി സ്ക്വയറിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്രാഫിക് ഡ്യൂട്ടിയും മറ്റും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഡ്യൂട്ടി സുഗമമായി ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൺഗ്ലാസുകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, കോട്ടയം ഡിവൈഎസ്പി മുരളി.എം, ജില്ലാ പോലീസ് അസോസിയേഷൻ ഭാരവാഹികളായ ബിനു കെ.ഭാസ്കർ, രഞ്ജിത്ത് കുമാർ പി ആർ, കെ.പി.ഓ.എ ഭാരവാഹികളായ എം.എസ് തിരുമേനി, പ്രേംജി കെ.നായർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.