കോട്ടയത്തെ ആകാശപ്പാത പ്രായോഗികമല്ല: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: കോട്ടയത്തെ ആകാശപ്പാത പ്രായോഗികമല്ലെന്നും നിര്‍മാണവുമായി മുന്നോട്ടുപോകാനാകില്ലെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഞ്ചുകോടി രൂപ നിശ്ചയിച്ച് ആരംഭിച്ച പദ്ധതി 17.82 കോടിരൂപ ചെലവഴിച്ചാല്‍ പോലും പൂര്‍ത്തിയാക്കാനാകുമോ എന്ന് സംശയമാണ്. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ പണം ഇതിലും കൂടുതല്‍ വേണ്ടിവരും. അല്ലാതെ പണിയുന്ന ആകാശപ്പാത ഭാവിയില്‍ കോട്ടയം നഗരം വികസിപ്പിക്കുമ്പോള്‍ പൊളിച്ചുമാറ്റേണ്ടിവരും. പൊതുപണം ഇങ്ങനെ ദുര്‍വ്യയം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റോഡ് സേഫ്റ്റി അഥോറിറ്റിക്ക് ഇത്തരത്തില്‍ ആകാശപ്പാത നിര്‍മിക്കാനുള്ള അധികാരമില്ല. റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കണമെന്ന നിയമം ലംഘിച്ച് അന്ന് കിറ്റ്‌കോക്ക് കരാര്‍ നല്‍കുകയായിരുന്നു. എറണാകുളത്ത് ബിനാലെക്കു വന്ന ഏതോ കലാകാരന്‍ സ്ഥലം എംഎല്‍എയുമായുള്ള ബന്ധം കൊണ്ട് ഉണ്ടാക്കിയ ശില്‍പ്പമാണെന്നേ ആര്‍ക്കും തോന്നൂ. മന്ത്രിയായി ചുമതലയേറ്റപ്പോഴാണ് അത് സ്‌കൈവാക്കാണെന്ന് മനസിലായത്.
ഇപ്പോള്‍ ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഒരാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മുമ്പ് സൗജന്യമായി സ്ഥലം നല്‍കാമെന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് വാക്കുമാറി. അതിനാല്‍ സ്ഥലം ഏറ്റെടുക്കാന്‍ കോടിക്കണക്കിന് രൂപ അധികം വേണ്ടിവരും. പണം കൊടുത്താലും സ്ഥലം ഏറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അഥോറിറ്റിക്ക് അധികാരമില്ല.
നിര്‍ദിഷ്ട സ്‌കൈവാക്ക് ഘടന മാറ്റണമെന്നും ഫൗണ്ടേഷന്‍ അപര്യാപ്തമാണെന്നും സ്ട്രക്ചര്‍ ശക്തിപ്പെടുത്താനുള്ള പരിശോധന നടത്തണമെന്നും പാലക്കാട് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 6 ലിഫ്റ്റും മൂന്നു സ്റ്റെയര്‍കെയ്‌സും വേണമെന്ന നാറ്റ്പാക്കിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് 17.85 കോടി എന്ന് എസ്റ്റിമേറ്റ് പുതുക്കിയത്. കിറ്റ്‌കോയില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിന്‍ പ്രകാരം എന്‍ജിനീയറിങ്ങില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ആ തുക പിടിച്ചെടുക്കണമെന്ന് ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി