കോട്ടയത്ത് പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കോട്ടയം: പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. കോട്ടയം ജില്ലയിലെ ചാലുകുന്നില്‍ ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. വ്യാപാര സ്ഥാപനത്തില്‍ നിന്നു തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരന്‍ ആണ് തീപ്പിടിത്ത വിവരം ഫയര്‍ ഫോഴ്‌സിനെ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ സംഭവസ്ഥലത്തേക്ക് എത്തി.
മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. കോട്ടയം ഫയര്‍ ഫോഴ്‌സ് യൂണിറ്റില്‍ നിന്ന് അസിസ്റ്റന്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി സി ശിവകുമാറിന്റെ നേതൃത്വത്തില്‍ വാട്ടര്‍ ബൗസര്‍ സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു. തീപ്പിടിത്തത്തില്‍ കടയുടെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
കുമ്മനം സഫാ മന്‍സിലില്‍ മന്‍സൂറിന്റെ ഉടമസ്ഥതയിലുള്ള പഴയ തടി ഉപകരണങ്ങള്‍ കൊണ്ടുള്ള പുരാവസ്തു വ്യാപാര സ്ഥാപനത്തിനാണ് തീ പിടിച്ചത്. നിരവധി കൊത്തുപണികളോടു കൂടിയ തടി ഉരുപ്പടികളും പഴയ സംഗീതോപകരണങ്ങളും കടയില്‍ ഉണ്ടായിരുന്നു. സി സി ടി വിയുടെ വയറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അവധി ദിനമായതിനാല്‍ കടയില്‍ ജീവനക്കാരില്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.