കോട്ടയത്ത് ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ
കോട്ടയം∙ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിനു സമീപം കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതായാണ് സംശയം. 13 വർഷമായി കോട്ടയം മെഡിക്കൽ കോളജിൽ ക്ലീനിങ് ജോലികൾ ചെയ്തുവരുന്ന ആളാണ് സുബ്രഹ്മണ്യൻ.
പതിവു പോലെ ഇന്നും ജോലിയ്ക്ക് ഇറങ്ങിയതായിരുന്നു സുബ്രഹ്മണ്യൻ. സഹപ്രവർത്തകരായ സനീഷ് എന്നയാളും ഒപ്പമുണ്ടായിരുന്നു. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ സമീപത്തേക്ക് പോയ സുബ്രഹ്മണ്യനെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനായി ഒരു സബ് മോട്ടർ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏതെങ്കിലും വിധത്തിലുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേസമയം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞുവീണതാകാം എന്ന സംശയവും പൊലീസിനുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.