കൊട്ടാരക്കര നഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു
കൊട്ടാരക്കര : നഗരസഭയെ അതിദരിദ്രരില്ലാത്ത നഗരസഭയായി പ്രഖ്യാപിച്ചു. സ്ഥിരംസമിതി അധ്യക്ഷരുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ നഗരസഭാധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണമേനോൻ പ്രഖ്യാപനം നടത്തി. 47 കുടുംബങ്ങളാണ് നഗരസഭയിൽ അതിദരിദ്രപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി.
ഭക്ഷണം, മരുന്ന്, താമസസ്ഥലം, വരുമാനമാർഗം എന്നിവ ഒരുക്കി. വീട് ഇല്ലാത്തവർക്ക് പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കി. സ്ഥലം ഇല്ലാത്ത ആറു കുടുംബങ്ങൾക്ക് സ്ഥലംവാങ്ങി വീടുവയ്ക്കുന്നതിനുള്ള നടപടികൾ തുടങ്ങി. എട്ടു കുടുംബങ്ങൾക്ക് മാസംതോറും വാടക നൽകുന്നതായും അധ്യക്ഷൻ പറഞ്ഞു. ഉപാധ്യക്ഷ ബിജി ഷാജി, മുൻ അധ്യക്ഷരായ എസ്.ആർ. രമേശ്, എ. ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.
