കെ.സുധാകരനെതിരെ ‘കൂടോത്ര’ പ്രയോഗമോ?മുൻപുള്ള ദൃശ്യങ്ങൾ – വിഡിയോ
കണ്ണൂർ: കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ ‘കൂടോത്ര’പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ‘കൂടോത്ര’വിവാദം ചർച്ചയായത്. പുറത്തു വന്ന വിഡിയോയിൽ ‘കൂടോത്ര’വസ്തുക്കൾ ഒരു വ്യക്തി കുഴിച്ചെടുക്കുന്നതായാണു കാണുന്നത്.
ദൃശ്യങ്ങളിൽ കെ.സുധാകരനും കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും പരസ്പരം സംസാരിക്കുന്നതും വ്യക്തമായി കേൾക്കാം. തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോൾ ബാലൻസ് തെറ്റുകയും ചെയ്തിരുന്നതായും സുധാകരൻ രാജ്മോഹൻ ഉണ്ണിത്താനോട് ഇതിൽ പറയുന്നുണ്ട്. മാത്രമല്ല ഇടയ്ക്ക് ടെൻഷനും വെപ്രാളവും വരാറുള്ളതും ഇതുകൊണ്ടാണെന്നോയെന്നു സംശയിക്കുന്നതായും സുധാകരൻ പറയുന്നതായി ഈ വിഡിയോയിൽ കേൾക്കാൻ സാധിക്കും.
ഇരുപതോളം തകിടുകൾ ഇത്തരത്തിൽ പുറത്തെടുത്ത ‘കൂടോത്ര’ത്തിൽ ഉണ്ടെന്നാണു സൂചന. ഇതിൽ തെയ്യത്തിന്റെ രൂപങ്ങളും പല തരത്തിലുള്ള കോലങ്ങളും ആലേഖനം ചെയ്തതായാണ് ആരോപണം. കെപിസിസി ഓഫിസിലെ കെ സുധാകരന്റെ മുറിയിലും തിരുവനന്തപുരം പേട്ടയിലെയും ഡൽഹിയിലെയും താമസസ്ഥലത്തുനിന്നും ഇത്തരത്തിലുള്ള തകിടുകളും രൂപങ്ങളും കണ്ടെടുത്തിരുന്നു. പത്തനംതിട്ടയിലെ മന്ത്രവാദി നൽകി നിർദ്ദേശം പ്രകാരമാണ് ‘കൂടോത്ര’ത്തെ കുറിച്ച് സുധാകരനും ഉണ്ണിത്താനും ചേർന്നു പരിശോധിച്ചത്. ഒന്നര വർഷം മുൻപുള്ള വിഡിയോയുടെ ആധികാരികതയെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. നേരത്തെ വി.എം. സുധീരൻ കെപിസിസി അധ്യക്ഷൻ ആയിരുന്ന സമയത്തും ‘കൂടോത്ര’വിവാദം ഉയർന്നിരുന്നു.