കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി നാഗാർജ്ജുനയ്ക്ക് മൂവാറ്റുപുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു .കൂത്താട്ടുകുളം കരിമ്പനയിൽ കശാപ്പ് തൊഴിലാളികൾ താമസിച്ച വീട്ടിൽ തിരുവനന്തപുരം അബൂരി ആനന്ദ ഭവൻ വീട്ടിൽ ബിനു എന്ന രാധാകൃഷ്ണനെ (47)കൊലപ്പെടുത്തിയ കേസിലാണ് വിധി. പ്രതി തമിഴ്നാട് തെങ്കാശി സ്വദേശിയായ നാഗാർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂവാറ്റുപുഴ അഡീ. ജില്ല സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസാണ് ഇന്ന് ശിക്ഷ വിധിച്ചത്.
കരിമ്പനയിൽ കശാപ്പു തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ 2023 മെയ് 30നാണ് കൊലപാതകം നടന്നത്. മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജ്ജുനനും കരിമ്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. കുളിമുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇതുമായി ബന്ധപെട്ട് നേരത്തെ രാധകൃഷ്ണൻ കടയുടമയോട് പരാതി പറഞ്ഞിരുന്നു. കൊല നടന്ന ദിവസം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാധാകൃഷ്ണനെ പ്രതി ഇരുമ്പ് പൈപ്പുകൊണ്ടു പലപ്രാവിശ്യം ആഞ്ഞടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു. കൊലപാതകത്തെ തുടർന്ന് രാത്രി പ്രതി തെങ്കാശിയിലേക്ക് രക്ഷപെടുകയും തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്യേഷണത്തിൽ പിടികൂടുകയുമായിരുന്നു….ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടേയും, ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.കൂത്താട്ടുകുളം പോലീസ് ഇൻസ്പെക്ടർ ഇന്ദ്ര രാജ് .ഡി.എസ്.അന്വോഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ നോബിൾ പി.ജെ.യാണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്.പ്രോസിക്യൂഷനായി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.