കൊല്ലം ചുവന്നു ! CPI(M) സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

കൊല്ലം : ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ് പതാക ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന വേദിയിലെത്തി. രാത്രി ഏഴ് മണിക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റി കൊല്ലം ജില്ല കമ്മിറ്റി ഓഫീസിൽ ചേരും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തെ നിയന്ത്രിക്കുന്ന കമ്മിറ്റികളുടെ രൂപീകരണം ചർച്ചചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ നിർദേശം യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സി പി ഐ എമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള ജില്ലയാണ് കൊല്ലം. ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെ നുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സി പി ഐ എം കടക്കുന്നത്.