കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടുത്തം, മത്സബന്ധന ബോട്ടുകളും ചീനവലകളും കത്തിനശിച്ചു
കൊല്ലം: കുരീപ്പുഴയില്‍ അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനബോട്ടുകള്‍ക്ക് തീപിടിച്ചു. തീരത്ത് കെട്ടിയിട്ടിരുന്ന 10 ബോട്ടുകള്‍ കത്തിനശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവില്‍ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അഗ്നിബാധ ഉണ്ടായത്.6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാരണം വ്യക്തമായിട്ടില്ല. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് നശിച്ചവയില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും അടുപ്പിച്ച സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. തീപടര്‍ന്നതോടെ 8 ബോട്ടുകള്‍ സ്ഥലത്തുനിന്ന് മാറ്റാനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. സമീപത്തുള്ള ചീനവലകള്‍ക്കും തീപിടിച്ചിട്ടുണ്ട്.
രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം വൈകിയതും നാശനഷ്ടം വര്‍ധിപ്പിച്ചു. പ്രദേശത്തേക്ക് വഴിയില്ലാത്തതും പൊലീസ് ഉള്‍പ്പെടെയുള്ളവരെ പ്രദേശത്ത് എത്തുന്നത് വൈകിപ്പിച്ചു. പാചകവാതകത്തിന്റെ സാന്നിധ്യം മൂലം ബോട്ടുകള്‍ വേഗത്തില്‍ പൂര്‍ണമായി കത്തി. പലതും വെള്ളത്തിലേക്ക് താഴ്‌ന്നെന്നും നാട്ടുകാര്‍ പറയുന്നു.
