കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ്
കൊല്ലം∙ കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര ഇസ്മയിൽപുരം സ്വദേശി അബ്ബാസ് അലി (31), മധുര കെ പുതുർ സ്വദേശി ഷംസൂൺ കരീം രാജ (33), മധുര പള്ളിവാസൽ സ്വദേശി ദാവൂദ് സുലൈമാൻ (27) എന്നിവർക്കാണു ശിക്ഷ വിധിച്ചത്. ഇവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ കണ്ടെത്തിയിരുന്നു. നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാകാനുള്ളതിനാൽ ഇയാൾ ജയിൽ മോചിതനായിട്ടില്ല.