കൊല്ലം സിറ്റി പോലീസിന്‍റെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ജില്ലാതല നിരീക്ഷണ സമിതി യോഗം ചേര്‍ന്നു

കൊല്ലം : പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെയും അതിക്രമ നിരോധന നിയമങ്ങളുടെയും ജില്ലാതല അവലോകനത്തിനായി നിരീക്ഷണ സമിതി യോഗം 26.06.2025 ല്‍ കൊല്ലം സിറ്റി പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് ന്‍റെ അധ്യക്ഷതയില്‍ കൊല്ലം പോലീസ് ക്ലബില്‍ ചേര്‍ന്നു. ടി യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സമിതി അംഗങ്ങളും പങ്കെടുത്തു.പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ജില്ലാതല നിരീക്ഷണ സമിതി രൂപീകരിച്ച് 22 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍, ഇതുവരെയുള്ള പുരോഗതി വിശദമായി വിലയിരുത്തി, ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ചികിത്സ ആനുകൂല്യങ്ങള്‍, ഭവന നിര്‍മ്മണത്തിനുള്ള ആനുകൂല്യങ്ങള്‍, അപേക്ഷകര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മുന്‍പ് നടന്ന യോഗങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ ഫലപ്രദമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും പ്രത്രേകിച്ച് ഇ ഗ്രാന്‍ഡ്സ് പോലുള്ള ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ ക്ഷേമപദ്ധതികളുടെ നിലവിലെ പുരോഗതി, യോഗം വിശദമായി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കും ഊദ്യോഗാര്‍ത്ഥികള്‍ക്കുമായി കരിയര്‍ ഗൈഡന്‍സ്, തൊഴില്‍ പരിശീലനം തുടങ്ങിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കൂടാതെ, പൂതക്കുളം പഞ്ചായത്തില്‍ ലഭ്യമായ സൗജന്യ അംബുലന്‍സ് സേവനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
തുടര്‍ന്നുള്ള യോഗങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തിരക്കുള്ള സമയങ്ങളില്‍ പ്രധാന സ്ഥലങ്ങളില്‍ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്നും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക എസ്.സി-എസ്.ടി അദാലത്ത് നടത്തണമെന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു
ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ്, കരുനാഗപ്പള്ളി എ.എസ്പി അഞ്ജലി ഭാവന ഐ.പി.എസ്, ഡിസിആര്‍ബി എ.സി.പി നസീര്‍, കൊല്ലം എ.സി.പി ഷെരീഫ്, ചാത്തന്നൂര്‍ എ.സി.പി അലക്സാണ്ടര്‍ തങ്കച്ചന്‍, പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, കൊല്ലം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, കരുനാഗപ്പള്ളി/പരവൂര്‍ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.