കൊല്ലം @ 75 : പ്രദര്‍ശനസമയം രാത്രി ഒമ്പത് വരെ

കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാര്‍ഷികാഘോഷം ഏറ്റെടുത്ത് ജനങ്ങള്‍. തങ്ങളുടെ നാടിന്റെ സാംസ്‌കാരിക- ചരിത്ര പൈതൃകം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനംപ്രതി ആയിരങ്ങളാണ് ആശ്രാമത്തെ പ്രദര്‍ശനനഗരിയില്‍ എത്തുന്നത്. തിരക്ക് പരിഗണിച്ച് രാത്രി ഒമ്പതുവരെ പൊതുജനങ്ങള്‍ക്ക് കൊല്ലം @ 75 മേളയില്‍ പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍, സൗജന്യമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം, സംരംഭകര്‍ക്ക് വേണ്ട ലൈന്‍സസുകള്‍, വ്യവസായ അനുമതികള്‍, ഉദ്യം, കെ – സ്വിഫ്റ്റ് രജിസ്‌ട്രേഷന്‍ എന്നിവ സൗജന്യമായി നല്‍കും. കൂടാതെ വന്‍ ഓഫറുകളുള്ള പുസ്തകമേളയും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 10 വരെയാണ് മേള.
കൊല്ലം @ 75: ഇന്ന് അരങ്ങ് തകര്‍ക്കാന്‍ സ്റ്റീഫന്‍ ദേവസി
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഇന്ന് (മാര്‍ച്ച് 8) വൈകിട്ട് 6.30 ന് അരങ്ങ് തകര്‍ക്കാന്‍ സ്റ്റീഫന്‍ ദേവസി ബാന്‍ഡിന്റെ കലാപ്രകടനം. പ്രവേശനം സൗജന്യം.
പുസ്തകചര്‍ച്ച
ഇന്ന് (മാര്‍ച്ച് 8) വൈകിട്ട് മൂന്നിന് ‘കാവിലെകാട്ടിലെ രാസഞ്ചാരികള്‍’ പുസ്തകചര്‍ച്ച നടത്തും. സ്പീക്കര്‍- ജ്വാലാമുഖി. മോഡറേറ്റര്‍- അഞ്ജിത. വൈകിട്ട് അഞ്ചിന് മനോജ് വെള്ളനാടിന്റെ ‘ഉടല്‍ വേദം’, വി. ഷിനിലാലിന്റെ ‘ഇരു’ എന്നിവയുമായി ബന്ധപ്പെട്ട് പുസ്തക ചര്‍ച്ച നടക്കും.
കൗതുക കാഴ്ചകള്‍ ഒരുക്കി കേരള കരകൗശല വികസന കോര്‍പ്പറേഷന്‍
കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈരളിയുടെ കരകൗശല വസ്തുക്കളാല്‍ സമ്പന്നമായി കൊല്ലം @ 75 പ്രദര്‍ശന നഗരി. കേരളത്തിലുടനീളമുള്ള നൂറോളം കരകൗശല വിദഗ്ധരില്‍ നിന്നും ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങളാണ് വിപണത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 42 മുതല്‍ 21,000 രൂപ വരെ വിലവരുന്ന നിര്‍മിതികള്‍ വില്‍പ്പനയ്ക്കായുണ്ട്. ഇതിനു പുറമേ തടിയില്‍ തീര്‍ത്ത ആനയുടെ ശില്പങ്ങള്‍, മരത്തില്‍ തീര്‍ത്ത ആഭരണ പെട്ടികള്‍, നിട്ടൂര്‍ പെട്ടികള്‍ എന്നിവ ശ്രദ്ധേയമാണ്. വീടുകള്‍ അലങ്കരിക്കുന്നതിനും ഉപഹാരങ്ങള്‍ നല്‍കുന്നതിനും അനുയോജ്യമായ വിവിധയിനം പെയിന്റിങ്ങുകള്‍, ബോട്ടില്‍ ആര്‍ട്ടുകള്‍, വിഗ്രഹങ്ങള്‍ എന്നിവ മേളയിലെ വേറിട്ട കാഴ്ചയാണ്. കേരള പെരുമയുടെ പ്രതീകമായ കഥകളി രൂപം, വഞ്ചി, ഹൗസ് ബോട്ട്, ദേവീദേവ•ാരുടെ ശില്പങ്ങള്‍ എന്നിവയും മേളയ്ക്ക് നിറം പകരുന്നു.
സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധന
ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ലബോറട്ടറിയില്‍ പരിശോധന നടത്തുന്നു. ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക ഗുണനിലവാര പരിശോധന മുതല്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അവബോധവും നല്‍കുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം കണ്ടെത്തുന്ന റിഫ്രാക്ടോമീറ്റര്‍, ഭക്ഷണത്തിലെ പൂപ്പല്‍ബാധ മൂലമുണ്ടാകുന്ന അഫ്ളോടോക്സിന്‍ എന്ന വിഷാംശം കണ്ടുപിടിക്കുന്നതിനുളള റാപ്ടര്‍ ഉപകരണം, വെള്ളത്തിലെ പി എച്ച് അറിയുന്ന പി എച്ച് മീറ്റര്‍, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന മില്‍ക്ക് അനലൈസര്‍, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കുന്ന ഫ്രൈഓയില്‍ മോണിറ്റര്‍ എന്നീ ഉപകരണങ്ങളാണുള്ളത്. ഭക്ഷ്യവസ്തുക്കളുമായി ലാബിലെത്തുന്നവര്‍ക്ക് സൗജന്യമായി ഗുണനിലവാരം പരിശോധിക്കാം. തുടര്‍ന്ന് പരിശോധനഫലം ബന്ധപ്പെട്ടവരിലേക്ക് എത്തിച്ച് നടപടി സ്വീകരിക്കും. മേള നടക്കുന്ന പവലിയന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ലാബില്‍ എത്തിയാല്‍ ഭക്ഷ്യ സുരക്ഷ നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങളും പരിചയപ്പെടാം.
മാലിന്യ സംസ്‌കരണവും കുട്ടികള്‍ക്ക് അവബോധവുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി
വളരുന്ന തലമുറയെ മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ പഠിപ്പിച്ച് കേരള ഖരമാലിന്യ പരിപാലന പദ്ധതി. കൊല്ലം @ 75 മേളയിലാണ് മാലിന്യം തരംതിരിക്കുന്നതും വ്യത്യസ്ത രീതിയില്‍ സംസ്‌കരിക്കുന്നതും ഡെമോ രൂപേണ അവതരിപ്പിക്കുന്നത്. പുതുതലമുറയെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പലതരം പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ‘വേസ്റ്റ് റ്റു ആര്‍ട്ട്’ എന്ന പേരില്‍ പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു. പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാഴ് വസ്തുക്കള്‍ നിന്നും തയ്യാറാക്കിയ കലാവിരുതുകള്‍ സ്റ്റോളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘നിങ്ങള്‍ക്കുമാകാം ശുചിത്വ ഹീറോ’ എന്ന പേരില്‍ കേരളം മാലിന്യ മുക്തമാക്കുന്നതിന് നല്‍കുന്ന മികച്ച ആശയങ്ങള്‍ക്ക് സമ്മാനവും നല്‍കുന്നു. കുട്ടികള്‍ക്ക് പങ്കെടുക്കുന്നതിന് വേണ്ടി ഊര്‍ജ്ജ സംരക്ഷണവും മാലിന്യ സംസ്‌കരണവും കേന്ദ്രീകരിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ആര്‍ട്ട് ആക്ടിവിറ്റി ബുക്കും ഇവിടെ നല്‍കുന്നുണ്ട്.