കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാർ
ചെന്നൈ: സിറ്റി ഓഫ് ജോയ് എന്നാണ് കോൽക്കത്തയുടെ വിളിപ്പേര്. ഐപിഎൽ ഫൈനൽ രാത്രിയിൽ കോൽക്കത്ത അക്ഷരാർഥത്തിൽ ആനന്ദത്തിന്‍റെ നഗരം തന്നെയായി- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം വട്ടം ഐപിഎൽ ചാംപ്യൻമാരായി.
ഈ ടൂർണമെന്‍റിന്‍റെയെന്നല്ല, ട്വന്‍റി20 ക്രിക്കറ്റിന്‍റെ തന്നെ ഗതി മാറ്റിയെഴുതിയ ബാറ്റിങ് വെടിക്കെട്ടുകൾ കാഴ്ചവച്ച സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ മാരക വിസ്ഫോടന ശേഷി കോൽക്കത്തയുടെ ഉജ്വല ബൗളിങ് പ്രകടനത്തിനു മുന്നിൽ നനഞ്ഞ പടക്കമാകുന്നതിനാണ് ചെന്നൈയിൽ തിങ്ങിനിറഞ്ഞ കാണികൾ സാക്ഷ്യം വഹിച്ചത്.
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ തീരുമാനം തുടക്കത്തിലേ പിഴച്ചു. 18.3 ഓവറിൽ ടീം 113 റൺസിന് ഓൾഔട്ടായി. വെറും 10.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കെകെആർ ലക്ഷ്യം നേടുകയും ചെയ്തു.
ബാറ്റിങ് ദുഷ്കരമായ പിച്ചൊന്നുമല്ലെന്ന് കെകെആർ ബാറ്റർമാർ തുടക്കത്തിൽ തന്നെ തെളിയിച്ചു. റഹ്മാനുള്ള ഗുർബാസ് ശ്രദ്ധയോടെ തുടങ്ങി. സുനിൽ നരെയ്ൻ നേരിട്ട ആദ്യ പന്തിൽ സിക്സറടിച്ച് രണ്ടാം പന്തിൽ പുറത്തായി. പക്ഷേ, തുടർന്നെത്തിയ വെങ്കടേശ് അയ്യർ സൺറൈസേഴ്സിന്‍റെ ബാറ്റിങ് വെടിക്കെട്ടുകളെ അതിശയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. പവർ പ്ലേ പിന്നിടുമ്പോൾ തന്നെ കളി വെങ്കടേശ് കളി കൈയിലെടുത്തു കഴിഞ്ഞിരുന്നു