കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി; ഒഴിവായത് വന്‍ ദുരന്തം
ന്യൂഡൽഹി: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി. എയർപോർട്ട് റൺവേയിൽ കൂടി സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെയും നിർത്തിയിട്ടിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. രാവിലെ 11ന് റൺവേയിലേക്ക് പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനിൽക്കുന്നതിനിടെയായിരുന്നു സംഭവം. കൊൽക്കത്തയിൽനിന്ന് ദർഭംഗയിലേക്ക് പുറപ്പെടുകയായിരുന്നു ഇൻഡിഗോ വിമാനം.
ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന്റെ ഭാഗം തകർന്നുവീണു. ഇൻഡിഗോ വിമാനത്തിന്റെ ചിറകിനും കേടുപാടുണ്ട്. ഇൻഡിഗോ വിമാനത്തിൽ 135 യാത്രക്കാരുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടത്തെ തുടർന്ന് വിമാനം തിരിച്ചു കൊണ്ടുവന്നു. സംഭവത്തിൽ രണ്ടു വിമാനങ്ങളുടെ പെെലറ്റുമാരെയും റൺവേ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും വിമാനങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു.