“ പണം വേണ്ട ; അത് മകളെ വേദനിപ്പിക്കുന്നതിന് തുല്യം , വേണ്ടത് നീതി ” : കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
കൊൽക്കത്ത : ‘‘നഷ്ടപരിഹാരമായി പണം വേണ്ട, അത് എന്റെ മകളെ വേദനിപ്പിക്കുന്നതിനു തുല്യമാണ്, എനിക്കു നീതിയാണു വേണ്ടത്’’– ആർ.ജി.കാർ മെഡിക്കൽ കോളജിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിനു നൽകുന്ന വലിയ പിന്തുണയിൽ പിതാവ് എല്ലാവരോടും നന്ദി അറിയിച്ചു. കേസ് സിബിഐയാണു അന്വേഷിക്കുന്നത്.
‘‘സിബിഐയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. സിബിഐ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തി. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റു ചെയ്യുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്’’– പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ബംഗാളിൽ വൻ പ്രതിഷേധങ്ങൾക്കാണു രാഷ്ട്രീയ പാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. കുറ്റവാളിക്കു വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു. ആർ.ജി.കാർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലിനെ അറസ്റ്റു ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബിജെപിയുടെ വനിതാ സംഘടനകൾ മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധം സംഘടിപ്പിക്കും
.