വനിതാഡോക്ടറുടെ കൊലപാതകം: CBI അഭിഭാഷകൻ വൈകിയതിൽ കോടതിക്ക് അതൃപ്തി, ‘ജാമ്യം നൽകട്ടേ’ എന്ന് ചോദ്യം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജെ. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ജാമ്യഹര്‍ജിയിലെ വാദം വൈകിയതില്‍ സി.ബി.ഐയ്‌ക്കെതിരേ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി വിചാരണ കോടതി. സി.ബി.ഐ. അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥരും കൃത്യസമയത്ത് എത്താതിരുന്നതോടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. സി.ബി.ഐ. അഭിഭാഷകന്‍ 40 മിനിറ്റ് വൈകിയാണ് കോടതിയില്‍ എത്തിയത്.
കേസിലെ പ്രതി സഞ്ജയ് റോയിയുടെ ജാമ്യ ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ വെള്ളിയാഴ്ച വൈകിട്ട് 4.20-നായിരുന്നു. പ്രതിഭാഗം അഭിഭാഷക കവിത സര്‍ക്കാര്‍ അവരുടെ വാദംമുന്നോട്ടുവെച്ചു. എന്നാല്‍ ഈ സമയത്ത് സി.ബി.ഐ. അഭിഭാഷകന്‍ ദീപക് പോരിയ കോടതിയില്‍ എത്തിയിരുന്നില്ല. ഇത് കോടതിയുടെ ശ്രദ്ധയില്‍പെട്ടു.പ്രോസിക്യൂട്ടര്‍ വൈകിയെത്തിയതിലും സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാത്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
‘സഞ്ജയ് റോയ്ക്ക് ഞാന്‍ ജാമ്യം നല്‍കട്ടെ’ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും സി.ബി.ഐയുടെ ഭാഗത്ത് നിന്നുള്ള കടുത്ത അലംഭാവമാണ് പ്രതിഫലിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം കേള്‍ക്കലിനിടെ സഞ്ജയ് റോയിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.