‘അന്വേഷണം തുടങ്ങിയത് 5–ാം ദിവസം, അപ്പോഴേക്കും തെളിവെല്ലാം മാറ്റി’: സുപ്രീം കോടതിയിൽ സിബിഐ
ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ തെളിവുകളെല്ലാം മാറ്റിയിരുന്നെന്നു വെളിപ്പെടുത്തി സിബിഐ. സംഭവം നടന്ന് അഞ്ചാം ദിവസമാണു കേസ് അന്വേഷണം കൈമാറിയതെന്നും സിബിഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണു സിബിഐയുടെ പരാമർശം.
സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരമാണു കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് സിബിഐ സമർപ്പിച്ചത്. കേസിൽ കൊൽക്കത്ത പൊലീസ് രേഖപ്പെടുത്തിയ തീയതിയിലും സമയത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സിബിഐ ചൂണ്ടിക്കാട്ടി. ആർ.ജി.കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്തിരുന്നു.
ഇദ്ദേഹത്തിനു നിരവധി സാമ്പത്തിക ക്രമക്കേടുകളുമായും ബന്ധമുണ്ട്. നിരീക്ഷണ ക്യാമറകൾ വാങ്ങുന്നതിനു പകരം ഇദ്ദേഹം വാടകയ്ക്ക് എടുക്കുകയാണു ചെയ്തതെന്നും സിബിഐ അറിയിച്ചു.‘‘കൊൽക്കത്ത പൊലീസിന്റെ ഡെയ്‌ലി ഡയറിയിൽ (ഡിഡി) രാവിലെ 10:10ന് കേസ് എൻട്രി ചെയ്തെങ്കിലും വൈകുന്നേരം മാത്രമാണ് കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്തത്. ഇത് അസ്വസ്ഥതയുണ്ടാക്കുന്നു’’ എന്നു തുഷാർ മേത്ത പറഞ്ഞു.
ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് പോസ്റ്റ്മോർട്ടം എപ്പോഴാണ് നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. വൈകിട്ട് 6:10 നും 7:10 നും ഇടയിലാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് സിബൽ അറിയിച്ചു. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമം കൊൽക്കത്ത പൊലീസ് പാലിച്ചില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.
ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണു സുപ്രീം കോടതി ഉന്നയിച്ചത്. ‘‘നിങ്ങളുടെ സംസ്ഥാനം (ബംഗാൾ) പിന്തുടരുന്ന നടപടിക്രമങ്ങൾ എന്റെ 30 വർഷത്തെ കരിയറിൽ കണ്ടിട്ടില്ലാത്ത ഒന്നാണ്’’ എന്നായിരുന്നു ജസ്റ്റിസ് ജെ.ബി.പർദിവാലയുടെ പ്രതികരണം. മൃതദേഹം കണ്ടെത്തിയശേഷം യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നു കോടതിയെ അറിയിക്കാൻ ഉത്തരവാദിത്തമുള്ള പൊലീസ് ഉദ്യോഗസ്ഥനെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
‘‘രാത്രിയിലാണ് കുറ്റകൃത്യം നടന്നതെങ്കിലും 18 മണിക്കൂറിലേറെ കഴിഞ്ഞാണു സംഭവസ്ഥലം പൊലീസ് സീൽ ചെയ്തത്. അപ്പോഴേക്കും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തിരിച്ചെത്തിയശേഷം രാത്രി 11:30ന് അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷമാണിത്. ഈ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം.’’– കോടതി പറഞ്ഞു. മൃതദേഹം സംസ്കരിച്ചശേഷം രാവിലെ 11:45 നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും മുതിർന്ന ഡോക്ടർമാരും ഇരയുടെ സഹപ്രവർത്തകരും നിർബന്ധിച്ച ശേഷമാണ് വിഡിയോ ചിത്രീകരിച്ചതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.