15 ദിവസത്തിനുള്ളില്‍ വിചാരണ, അതിവേഗ കോടതി; കര്‍ശന നിയമം വേണമെന്ന് പ്രധാനമന്ത്രിയോട് മമത

0

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ഉടനടി നടപടി വേണമെന്നും അതിനായി കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം ആവശ്യമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തുടനീളം പ്രതിദിനം 90 ഓളം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് ഭയാനകമാണ് എന്നും മമത പറഞ്ഞു.

ബലാത്സംഗ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ അതിവേഗ കോടതികള്‍ രൂപീകരിക്കണം. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തുടനീളം പതിവായി വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ലഭ്യമായ കണക്കുകള്‍ പ്രകാരം പല കേസുകളിലും കൊലപാതകത്തോടുകൂടിയ ബലാത്സംഗങ്ങള്‍ നടക്കുന്നു. രാജ്യത്തുടനീളം ഇത് ആത്മവിശ്വാസത്തെ ഉലച്ചുകൊണ്ടിരിക്കുന്നു,’ മമത കത്തില്‍ വ്യക്തമാക്കി.

ഇത്തരം ഗൗരവമേറിയതും സെന്‍സിറ്റീവുമായ പ്രശ്‌നം സമഗ്രമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നിര്‍ദേശിക്കുന്ന കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം ആവശ്യമാണ് എന്നും അവര്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ ദ്രുതഗതിയിലുള്ള വിചാരണ 15 ദിവസത്തിനകം പൂര്‍ത്തിയാക്കണം എന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ജി കാര്‍ ആശുപത്രിയില്‍ പ്രതിഷേധത്തിന്റെ മറവില്‍ നടത്തിയ അക്രമത്തിന് പിന്നില്‍ ബിജെപിയും ഇടതുപക്ഷവുമാണ് എന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. അവര്‍ ബലാത്സംഗക്കേസിലെ തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത് എന്നും മമത അവകാശപ്പെട്ടു. കുറ്റവാളിയെ തന്റെ സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നും മമത ബാനര്‍ജി ആവര്‍ത്തിച്ചു. ആഗസ്റ്റ് 17 ന് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി വന്‍ റാലി നടത്തിയിരുന്നു.

അതിനിടെ അഖിലേന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി നടത്തി വന്ന പ്രതിഷേധ പ്രകടനം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഫായ്മ അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിരവധി റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം അവസാനിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജ്, ഇന്ദിരാ ഗാന്ധി ആശുപത്രി എന്നിവിടങ്ങളില്‍ റെസിഡന്റ് ഡോക്ടര്‍മാരെല്ലാം സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാര്‍ സമരം തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *