ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജി സന്നദ്ധത അറിയിച്ചതായി മമത സുപ്രീം കോടതിയെ അറിയിച്ചു.
കൊൽക്കത്ത∙ ആർ.ജി.കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധങ്ങൾക്കു പിന്നാലെ കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജിസന്നദ്ധത അറിയിച്ചിരുന്നതായി മമത ബാനർജി. കമ്മിഷണർ വിനീത് ഗോയൽ രാജിവയ്ക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ദുർഗാപൂജ വരാനിരുന്ന സാഹചര്യത്തിൽ ക്രമസമാധാനപാലനത്തെ കുറിച്ച് ധാരണയുള്ള ഒരാളെ വേണമായിരുന്നതിനാൽ രാജി സ്വീകരിച്ചില്ലെന്നും മമത ബാനർജി സുപ്രീംകോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വെറും ദുഷ്പ്രചാരണം മാത്രമാണതെന്നും മമത പറഞ്ഞു. ‘മകളുടെ ഓർമയ്ക്കായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ സർക്കാർ ഒപ്പമുണ്ടാകും എന്നാണ് യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞത്’–മമത പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ടു ചെയ്തു. സിഐഎസ്എഫിന് വേണ്ട സൗകര്യങ്ങളെല്ലാം നൽകുന്നുണ്ട്. കേന്ദ്രസർക്കാരും ചില ഇടതുപാർട്ടികളും സർക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുണ്ട്. ബംഗാൾ സർക്കാർ ആരെയും തടയാൻ ശ്രമിക്കുന്നില്ല. എല്ലാദിവസവും പൊതുസ്ഥലത്ത് കൂട്ടംകൂടുന്നതിൽ ചില നിയമങ്ങളുണ്ട്. പ്രായമായ ആളുകളുള്ള ഒട്ടേറെ വീടുകളുണ്ട്. മൈക്കുകളുടെ ഉപയോഗം വയോധികർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതുകാരണമാണ് രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാൻ ശബ്ദമലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകാത്തത്. പ്രതിഷേധക്കാർ ജോലികളിൽ തിരികെ പ്രവേശിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. കേസ് നമ്മുടെ കയ്യിലല്ല. സിബിഐയുടെ പക്കലാണ്–മമത പറഞ്ഞു.
കേസിൽ സുപ്രീംകോടതിയിൽ തിങ്കളാഴ്ചത്തെ വാദം പൂർത്തിയായി. സെപ്റ്റംബർ 17ന് വീണ്ടും കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.ബി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിഷേധിക്കുന്ന ഡോക്ടർമാർ ചൊവ്വാഴ്ച 5 മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സിബിഐയ്ക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ബംഗാൾ സർക്കാരിനായി കപിൽ സിബലും ഹാജരായി.
ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് 23 പേർ ചികിത്സ കിട്ടാതെ മരിച്ചെന്ന് കപിൽ സിബൽ കോടതിയെ അറിയിച്ചു. ഡോക്ടർമാർ ജോലിയിൽ മടങ്ങിയെത്തിയാൽ അവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും സർക്കാർ കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ, വിശ്രമമുറി തുടങ്ങിയവ ആശുപത്രികളിൽ സ്ഥാപിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി.