ഇനി കളിമാറും, കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം
- നിര്‍മാണച്ചെലവ് 750 കോടി
കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.
കൊച്ചി സ്പോര്‍ട്സ് സിറ്റിക്ക് പുറമെ സംസ്ഥാനത്ത് കായിക മേഖലയില്‍ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 150 കോടി രൂപ നിക്ഷേപമുള്ള പദ്ധതികളും കെസിഎ സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കര്‍ സ്ഥലത്ത് ചെങ്ങമനാട് വില്ലേജില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പോര്‍ട്സ് സിറ്റിയാണ് ഇതില്‍ പ്രധാനം.
40,000 ഇരിപ്പിടങ്ങള്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലന സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോര്‍ട്സ് അക്കാദമി, റിസര്‍ച്ച് സെന്റര്‍, ഇക്കോ പാര്‍ക്ക്, വാട്ടര്‍ സ്പോര്‍ട്സ് പാര്‍ക്ക്, സ്പോര്‍ട്സ് മെഡിസിന് ആന്‍ഡ് ഫിറ്റ്നസ് സെന്റര്‍, ഇ-സ്പോര്‍ട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവയുള്‍ക്കൊള്ളുന്നതായിരിക്കും കൊച്ചിന് സ്പോര്‍ട്സ് സിറ്റി.